തന്റെ രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് നസ്‌റുദീന്‍ ഷാ

മുംബൈ: പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന വേളയില്‍ താന്‍ നടത്തിയ പരാമര്‍ശം വിവാദമാക്കിയതിനെതിരേ ആഞ്ഞടിച്ച് ബോളിവുഡ് നടന്‍ നസ്‌റുദീന്‍ ഷാ രംഗത്ത്.

രാജ്യസ്‌നേഹത്തെക്കുറിച്ച് ആരും പഠിപ്പിക്കേണ്ടെന്നും രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ലെന്നും നസ്‌റുദീന്‍ ഷാ വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് പുതിയ മാനം നല്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ പേര് നസ്‌റുദീന്‍ ഷാ എന്നായതിനാലാണ് ആളുകള്‍ ലക്ഷ്യംവയ്ക്കുന്നത്. ഞാന്‍ മറ്റൊന്നായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും നസ്‌റുദീന്‍ ഷാ പറഞ്ഞു. പാക്കിസ്ഥാനെക്കുറിച്ച് നല്ലതുപറയുന്നത് രാജ്യസ്‌നേഹത്തിനു നിരക്കാത്തതാണെന്ന വിശ്വാസം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ ചെന്നപ്പോഴെല്ലാം തനിക്ക് സ്‌നേഹവും ബഹുമാനവും മാത്രമാണ് ലഭിച്ചതെന്ന പരാമര്‍ശമാണ് വിവാദത്തിനു വഴിതെളിച്ചത്. നെയ്ദര്‍ എ ഹോക് നോര്‍ എ ഡോവ് എന്ന കസൂരിയുടെ പുസ്തക പ്രകാശന വേദിയിലായിരുന്നു നസ്‌റുദീന്‍ ഷായുടെ ഈ പരാമര്‍ശം.

Top