തപാല്‍ വകുപ്പിന് ബാങ്കിങ് ലൈസന്‍സ് ഓഗസ്റ്റില്‍ ലഭിച്ചേക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫിസുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് ഓഗസ്റ്റില്‍ ലഭിച്ചേക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ലൈസന്‍സ് ലഭിക്കുന്നതോടെ രാജ്യത്തെ 1,54,000 പോസ്റ്റ് ഓഫിസുകളിലൂടെ ബാങ്കിങ് സേവനങ്ങള്‍ നടത്താനാകും. പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ആശയത്തിലാണു പോസ്റ്റ് ഓഫിസുകളിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

പേയ്‌മെന്റ് ബാങ്ക് ലൈസന്‍സാണു പോസ്റ്റ് ഓഫിസുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കാനുദ്ദേശിക്കുന്നത്. ഡിപ്പോസിറ്റുകള്‍, റെമിറ്റന്‍സ് തുടങ്ങി ലിമിറ്റഡ് റെയ്ഞ്ച് ബാങ്കിങ് സൗകര്യമാണ് പേയ്‌മെന്റ് ബാങ്കുകളിലൂടെ ലഭിക്കുന്നത്. വായ്പ കൊടുക്കുന്നതിന് ഇത്തരം ബാങ്കുകള്‍ക്ക് അനുമതിയുണ്ടാവില്ല. ഒരു അക്കൗണ്ടില്‍ പരമാവധി ബാലന്‍സ് ഒരു ലക്ഷം രൂപയില്‍ അധികരിക്കാനും പാടില്ല.

പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പ്രത്യേകം എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കും. വിദേശത്തുനിന്നടക്കമുള്ള ബാങ്കിങ് ട്രാന്‍സാക്ഷനുകള്‍ ഇതിലൂടെ ചെയ്യാം. ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍, മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയവയും ഇതുവഴി നടത്താം. പരിധിയില്ലാതെ മണി ട്രാന്‍സ്ഫര്‍ സൗകര്യവും പേയ്‌മെന്റ് ബാങ്കുകളുടെ പ്രത്യേകത.

പോസ്റ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രവര്‍ത്തന രീതി സംബന്ധിച്ച് പഠിക്കാന്‍ എണസ്റ്റ് ആന്‍ഡ് യംഗിനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. തുടക്കത്തില്‍ പോസ്റ്റ് ബാങ്ക് ഒഫ് ഇന്ത്യ ജീവനക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന 600 ശാഖകള്‍ തുറക്കാനും മറ്റു മേഖലകളില്‍ ഇവരുടെ ജോലി നിലവിലെ തപാലോഫീസ് ജീവനക്കാരെ ഏല്പ്പിക്കാനുമാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.

പോസ്റ്റ് ഓഫിസ് ബാങ്കിലൂടെ തപാല്‍ വകുപ്പ് 550 കോടി രൂപയാണു വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ വരുമാനം പ്രതീക്ഷിക്കുന്നത്. രാജ്യത്തിപ്പോള്‍ 1.54 ലക്ഷം തപാലോഫീസുകളുണ്ട്. ഇവയില്‍ 1.30 ലക്ഷവും ഗ്രാമീണ മേഖലകളിലാണ്. ബാങ്കിംഗ് സേവനം ഇതുവരെ ലഭ്യമാകാത്ത പ്രദേശങ്ങളില്‍ പോസ്റ്റല്‍ ബാങ്കിന്റെ സാന്നിദ്ധ്യം പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Top