തപാല്‍ വകുപ്പ് ഇ കൊമേഴ്‌സ് രംഗത്തേക്ക് വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും വലിയ വിതരണ ശൃംഖലയായ തപാല്‍ വകുപ്പ് ഇ കൊമേഴ്‌സ് രംഗത്തേക്ക്. ഐ.ടി. അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനായി 4909 കോടി രൂപയുടെ പദ്ധതികളാണ് തപാല്‍ വകുപ്പ് വിഭാവനം ചെയ്യുന്നത്.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ വ്യാപകമായതോടെ ഗ്രാമീണ മേഖലയില്‍ പോലും ഇ കൊമേഴ്‌സിന് വന്‍ പ്രചാരമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് തപാല്‍ വകുപ്പ് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നത്.

ഇ കൊമേഴ്‌സ് പോര്‍ട്ടലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അതേസമയം, ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതേ ഉള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം.

ആമസോണ്‍, ഇ ബേ പോലുള്ള കമ്പനികളുടെ മാതൃകയില്‍ പോര്‍ട്ടല്‍ തുടങ്ങാനാണ് പദ്ധതി. സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഉള്ള പ്ലാറ്റ്‌ഫോം ആയിട്ടാവും പോര്‍ട്ടല്‍ അവതരിപ്പിക്കുക.

എന്നാല്‍ കൃത്യമായ പരിശോധനയ്ക്കു ശേഷമായിരിക്കും എന്തെല്ലാം ഉത്പന്നങ്ങള്‍ വില്‍ക്കണമെന്നും ആര്‍ക്കെല്ലാം അതിന് അനുമതി നല്‍കണമെന്നും തീരുമാനിക്കുക. ഇന്ത്യയുടെ തനത് ഉത്പന്നങ്ങളായ ഡാര്‍ജലിങ് തേയില, പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നിന്നുള്ള മാമ്പഴം, കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂ തുടങ്ങിയ ഉത്പന്നങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.

സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കാഷ്യു ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഗുണമേന്മ ഉറപ്പാക്കിയ ഉത്പന്നങ്ങളാവും ഇത്തരത്തില്‍ വിറ്റഴിക്കുക.

ഐടി വികസനത്തിനൊപ്പം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വേഗം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് 2000 കോടി രൂപ ചെലവില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വകുപ്പ് പദ്ധതിയിടുന്നുണ്ട്.

Top