ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കങ്ങളുടെ ലേബലുകളില്‍ ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. പടക്ക ലേബലുകളില്‍ ദൈവ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ജില്ലാ ഭരണകൂടം പടക്ക നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
പടക്ക കവറുകളിലെ ദൈവ ചിത്രങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഈ നിര്‍ദേശം. ഹിന്ദു മഹാസഭ അടക്കമുള്ള ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പടക്ക ചിത്രങ്ങളില്‍ ദൈവങ്ങളെ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ഹിന്ദുമഹാസഭയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ വി.രാജരാമന്‍ അറിയിച്ചു.
പടക്ക ലേബലുകള്‍ ഉപയോഗശേഷം റോഡിലും മറ്റും കീറിപ്പറിഞ്ഞ നിലയില്‍ കാണപ്പെടുന്നത് ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായി ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നു.
1924 മുതല്‍ പടക്കങ്ങളുടെ ലേബലുകളില്‍ ദൈവ ചിത്രങ്ങള്‍ ഉപയോഗിച്ചു വരുന്നതായും എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശം ഇനി മുതല്‍ നടപ്പാക്കുമെന്നും പടക്ക നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് ജി. അബിരുപന്‍ അറിയിച്ചു.