തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ നടന്മാരായ രജനീകാന്ത്, ശരത് കുമാര്‍, വിക്രം, പ്രഭു കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ അണ്ണാ ഡിഎംകെ അധ്യക്ഷ ജെ. ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് വിടുതല്‍ നേടിയാണ് വീണ്ടും സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുന്നത്.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-14 കാലഘട്ടത്തിലെ വിശ്വസ്തരില്‍ പലരെയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒ. പനീര്‍ശെല്‍വം ധനകാര്യമന്ത്രിയായും നാഥം ആര്‍. വിശ്വനാഥന്‍ വൈദ്യുതി മന്ത്രിയായും ആര്‍. വൈത്തിലിംഗം ഭവനമന്ത്രിയായും അധികാരമേറ്റു.

പനീര്‍ ശെല്‍വം മന്ത്രിസഭയില്‍ വകുപ്പുകളൊന്നും ലഭിക്കാതിരുന്ന പി. ചെന്തൂര്‍ പാണ്ഡ്യന്‍, ഉദ്യോഗസ്ഥനും മറ്റു രണ്ടുപേരും ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ മുന്‍മന്ത്രി കൃഷ്ണമൂര്‍ത്തി എന്നിവര്‍ പുതിയ മന്ത്രിസഭയിലില്ല. ആഭ്യന്തരം, പോലീസ അഖിലേന്ത്യ സര്‍വീസുകള്‍, പൊതുഭരണം എന്നീ വകുപ്പുകള്‍ ജയലളിതതന്നെ കൈകാര്യം ചെയ്യും.

Top