ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ഫോണില്‍ നിന്നും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതോടെ കേസ് പ്രധാന വഴിത്തിരിവിലെത്തിയതായി ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. വിവരങ്ങള്‍ സ്വാഭാവികമായി നഷ്ടപ്പെട്ടതാണോ ആരെങ്കിലും മനഃപൂര്‍വം നശിപ്പിച്ചതാണോ എന്ന കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
സുനന്ദയുടെ ബ്ലാക്ക്ബറി ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഗുജറാത്തിലെ ഫൊറന്‍സിക് സയന്‍സ് ഡയറക്റ്ററേറ്റിലേക്ക് അയച്ചിരുന്നു. അവിടെ നിന്നുള്ള ഫൊറന്‍സിക് വിഗദ്ധരാണ് വിവരങ്ങള്‍ വീണ്ടെടുത്തത്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശശി തരൂരും പാക്ക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും തമ്മിലുള്ള ബന്ധത്തെതുടര്‍ന്ന് സുനന്ദയും തരൂരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഐപിഎല്‍ ക്രിക്കറ്റുമായി പല വിലപ്പെട്ട വിവരങ്ങളും സുനന്ദയുടെ പക്കലുണ്ടായിരുന്നു. പല രഹസ്യങ്ങളും മാധ്യമ പ്രവര്‍ത്തക നളിനി സിങുമായി സുനന്ദ പങ്കുവെച്ചിരുന്നു.
തരൂരിനെതിരായ പല തെളിവുകളും സുനന്ദയുടെ ബ്ലാക്ക് ബെറി ഫോണിലും ട്വിറ്റര്‍ അക്കൗണ്ടിലും ഉണ്ടായിരുന്നതായും വിവരമുണ്ട്. സുനന്ദയുടെ മരണത്തോടെ ഈ വിവരങ്ങള്‍ അപ്രത്യക്ഷമാവുകയായിരുന്നു.
വിവരങ്ങള്‍ ഡല്‍ഹി പോലീസ് വീണ്ടെടുത്തതോടെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാന്‍ പറ്റാത്തതിന് ബിജെപി വേട്ടയാടുകയാണെന്ന രാഷ്ട്രീയ ആരോപണവുമായി ശശി തരൂര്‍ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. നേരത്തെ സ്വച്ഛ് ഭാരത് പദ്ധതിയടക്കം പലകാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തരൂര്‍ പിന്തുണച്ചതും വിവാദമായിരുന്നു.