തിരുവനന്തപുരം: ധനമന്ത്രിയുടെ ബജറ്റ് അവതരണം തടയാന്‍ ഡിവൈഎഫ്‌ഐ- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് കേന്ദ്രീകരിക്കുന്നത് വന്‍ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് പരക്കെ ആശങ്ക.
തിരുവനന്തപുരം ജില്ലയിലെ ഇടതുമുന്നണി പ്രവര്‍ത്തകരെ 12 ന് വൈകീട്ട് മുതല്‍ തലസ്ഥാനത്ത് കേന്ദ്രീകരിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷി നേതാക്കളുടെ നേതൃയോഗത്തില്‍ ഉണ്ടായിട്ടുള്ള ധാരണ. പ്രധാനമായും സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്നും കൂടുതലായി പങ്കെടുക്കുക.
ഇവര്‍ക്ക് പുറമെ എസ്എഫ്‌ഐ ശക്തി കേന്ദ്രമായ യൂണിവേഴ്‌സിറ്റി കോളേജ്, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, സംസ്‌കൃത കോളേജ് തുടങ്ങിയ ഇടങ്ങളില്‍ നിന്നായി വിദ്യാര്‍ത്ഥികളുടെയും ശക്തമായ പ്രാതിനിത്യം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി നിയമസഭാ കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ മന്ദിരത്തിന്റെ എല്ലാ ഗെയ്റ്റുകളിലും പ്രവര്‍ത്തകരെക്കൊണ്ട് വളയാനാണ് ഇടത് മുന്നണിയുടെ തീരുമാനം. മാണി ഒഴികെയുള്ള മന്ത്രിമാരെയും എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും തടയില്ല.
സമരക്കാരെ കബളിപ്പിച്ച് മാണി മന്ത്രിസഭാ മന്ദിരത്തിനുളളില്‍ പ്രവേശിച്ച് ബജറ്റ് അവതരണത്തിന് ശ്രമിച്ചാല്‍ എന്ത് ‘വില കൊടുത്തും’ തടയാന്‍ എംഎല്‍എമാര്‍ക്കും മുന്നണി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് വാച്ച് ആന്റ് വാര്‍ഡുമായും ഭരണപക്ഷ എംഎല്‍എമാരുമായുള്ള കയ്യാങ്കളിയില്‍ കലാശിക്കാനാണ് സാധ്യത.
അകത്ത് ബജറ്റ് അവതരണത്തിന് ശ്രമിച്ചാല്‍ പുറത്തെ പ്രവര്‍ത്തകര്‍ പ്രകോപിതരായി ആക്രമണം അഴിച്ചുവിടുമോയെന്ന ആശങ്കയും ഇതിനകം ഭരണപക്ഷ കേന്ദ്രങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമെ യുവമോര്‍ച്ച പ്രവര്‍ത്തകരും നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളതും സര്‍ക്കാരിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ഇടത് മുന്നണി ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തകരെ അണി നിരത്തുന്നതെങ്കില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരെ അണി നിരത്തിയാണ് യുവമോര്‍ച്ചയുടെ രംഗപ്രവേശനം. പഞ്ചായത്ത് മണ്ഡലം തലത്തില്‍ നിന്ന് ചുരുങ്ങിയത് ഒരു ബസ് നിറയെ പ്രവര്‍ത്തകര്‍ എന്ന നിര്‍ദേശമാണ് യുവമോര്‍ച്ച കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. അങ്ങനെ വന്നാല്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയുടെ ബാനറില്‍ ബജറ്റിനെതിരായ സമരത്തിന് അണിനിരക്കും.
നിയമസഭ വളയുന്ന സിപിഎം പ്രവര്‍ത്തകരുമായി ബദ്ധവൈരികളായ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുമോയെന്ന ആശങ്കയും ഇപ്പോള്‍ വ്യപകമാണ്.
സിപിഎം-ബിജെപി സംഘര്‍ഷം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളുടെയും യുവജന സംഘടനകള്‍ തെരുവില്‍ നേര്‍ക്കുനേര്‍ കണ്ടാല്‍ വന്ന ‘ഉദ്യേശം’ മറന്ന് പരസ്പരം ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുമോ എന്ന ഭയം പൊലീസിന്റെ ഉറക്കമാണിപ്പോള്‍ കെടുത്തുന്നത്.
ഇരു വിഭാഗത്തില്‍ നിന്നുമായി അനിയിന്ത്രിതമായ പ്രവര്‍ത്തക പ്രവാഹമുണ്ടാകുമെന്നതിനാല്‍ നിയമസഭക്ക് പുറത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള ആലോചനയും പൊലീസ് തലപ്പത്ത് സജീവമാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
തലസ്ഥാനത്തെ ബിജെപി, കോണ്‍ഗ്രസ്, സിപിഎം, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഓഫീസിനും ശക്തമായ സുരക്ഷ ഒരുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ ആവശ്യമെങ്കില്‍ വഴിയില്‍ തടയാനും ആലോചനയുണ്ട്.
എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ വിവിധ ബറ്റാലിയനുകളില്‍ നിന്നും പൊലീസിനെ തലസ്ഥാനത്ത് സുരക്ഷക്കായി നിയോഗിക്കും.
ബജറ്റ് അവതരണ ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏരിയ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന്റെ മാര്‍ച്ചും ഉപരോധവും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലുള്ളതിനാല്‍ സമീപ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുപോലും ആവശ്യത്തിന് പൊലീസിനെ എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അധികൃതര്‍.
മാത്രമല്ല തലസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടാല്‍ അത് സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച മുന്‍കരുതല്‍കൂടി എടുക്കേണ്ട സാഹചര്യവും പൊലീസിനുണ്ട്. സങ്കീര്‍ണമായ ഈ സാഹചര്യത്തെ പൊലീസ് എങ്ങനെ നേരിടുമെന്നാണ് സമരക്കാരും ഉറ്റുനോക്കുന്നത്.
പൊലീസിനേക്കാള്‍ എത്രയോ ഇരട്ടി വരുന്ന സമരക്കാരെ അടിച്ചോടിക്കാന്‍ ശ്രമിച്ചാല്‍ ചോരപ്പുഴ ഒഴുകുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.