തലസ്ഥാനത്ത് 1800 ഡങ്കിപ്പനി ബാധിതതര്‍; ജാഗ്രതാ നിര്‍ദേശവുമായി സര്‍ക്കാര്‍

ഡല്‍ഹി: തലസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യമേഖലയില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ ഡങ്കിപ്പനി ബാധിച്ച് ഒമ്പത് പേര്‍ ഇതുവരെ മരിച്ചതായാണ് കണക്ക്.

ഈ വര്‍ഷം മാത്രം 1800 ഡങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 600 കേസുകളും ഒരാഴ്ചക്കുള്ളിലാണ്. 2010 ന് ശേഷം ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണെന്നാണ് കണക്ക്.

ചികിത്സ കിട്ടാതെ മരിച്ച ഏഴുവയസ്സുകാരന്റെ മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവം ദേശീയ ശ്രദ്ധ നേടിയതോടെയാണ് സര്‍ക്കാര്‍ അടിയന്തര നടപടികളുമായി രംഗത്തെത്തിയത്.

ആസ്പത്രികളില്‍ 1000 കിടക്കകള്‍ അധികമായി സജ്ജമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവധിയില്‍പോയ സര്‍ക്കാര്‍ ഡോക്ടര്‍മാരോട് ഉടന്‍ ലീവ് റദ്ദാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രധാന ആശുപത്രികളില്‍ ഡങ്കിപ്പനി ചികിത്സക്കായി പ്രത്യേക ക്ലിനിക്കുകള്‍ രൂപവത്കരിക്കാനും ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ നിര്‍ദ്ദേശം നല്‍കി. ഒരു കട്ടിലില്‍ രണ്ടുപേരെ കിടത്തി ചികിത്സിക്കേണ്ടി വന്നാലും ഡങ്കിപ്പനി ബാധിച്ചവരെ തിരിച്ചയക്കരുതെന്നാണ് നിര്‍ദ്ദേശം.

ഡങ്കി കേസുകള്‍ വര്‍ദ്ധിച്ചതോടെ പല ആസ്പത്രികളും ചികിത്സ നല്‍കാന്‍ മടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തര നടപടികളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്.

Top