തള്ളാനുറച്ച് സിപിഐ(എം); തള്ളിക്കളഞ്ഞ് വി.എസ്; പ്രതീക്ഷയോടെ ആം ആദ്മി പാര്‍ട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ ശക്തമായ നടപടിക്ക് സിപിഎം നീക്കം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസും ലാവ്‌ലിന്‍ കേസും സോളാര്‍ സമരവുമെല്ലാം മുന്‍നിര്‍ത്തി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് വി.എസ് നല്‍കിയ ‘തുറന്ന’കത്ത് മുന്‍നിര്‍ത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.

വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെട്ട പാര്‍ട്ടി കമ്മറ്റികള്‍ എടുത്ത തീരുമാനം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ തലേദിവസം തന്നെ എതിര്‍ത്ത് മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തിയത് പൊറുക്കാന്‍ പറ്റാത്ത നിലപാടാണെന്നും ഇനി ഒരവസരം നല്‍കുന്ന പ്രശ്‌നമില്ലെന്നും സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രകമ്മറ്റിയുടെ കൂടി സമ്മത പ്രകാരമാണ് അടിയന്തരമായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വി.എസിനെതിരെ പ്രമേയം പാസാക്കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്ര സമ്മേളനത്തില്‍ വി.എസിനെതിരെ ആഞ്ഞടിക്കുകയും വി.എസ് അതിന് ചുട്ട മറുപടി കൊടുക്കുക കൂടി ചെയ്തത് സിപിഎമ്മില്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണ്.

പാര്‍ട്ടിയുടെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നുവെന്നാണ് ക്ഷുഭിതനായ വി.എസ് പ്രതികരിച്ചത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്ക്കാണ് താന്‍ കത്ത് നല്‍കിയതെന്നും പിണറായി വിജയനല്ല പോളിറ്റ് ബ്യൂറോയാണ് മറുപടി നല്‍കേണ്ടതെന്നും വി.എസ് തുറന്നടിച്ചു. വി.എസിന്റെ അപ്രതീക്ഷിത നിലപാട് സിപിഎം നേതൃത്വത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളേയും ഞെട്ടിച്ചിരിക്കുകയാണ്.

വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്ന് വി.എസിനെ ഒഴിവാക്കുമെന്ന ഉറപ്പ് കേന്ദ്ര നേതൃത്വം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. പാര്‍ട്ടി സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുക്കുന്ന പ്രതിനിധികള്‍ വി.എസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ രോക്ഷം പ്രകടിപ്പിക്കുമെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

സിപിഎം രൂപീകരണ കാലഘട്ടത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ് അച്യുതാന്ദന്‍. അതുകൊണ്ട് തന്നെയാണ് പലഘട്ടങ്ങളില്‍ ശിക്ഷാ നടപടികളില്‍ വി.എസിന് നേതൃത്വം ഇളവ് നല്‍കിയിരുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങും മുന്‍പ് വി.എസ് വീണ്ടും അച്ചടക്ക ലംഘനം നടത്തിയതിനാല്‍ നടപടിയല്ലാതെ ഇനി മറ്റൊരു പോംവഴിയില്ലെന്നാണ് സിപിഎം നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

അഖിലേന്ത്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശ് കാരാട്ട് ഒഴിയുന്ന സാഹചര്യത്തില്‍ വി.എസിന്റെ ‘കടന്നാക്രമണത്തെ’ആശങ്കയോടുകൂടിയാണ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. രാഷ്ട്രീയപരമായി ഏറ്റവും വലിയ വെല്ലുവിളി സിപിഎം നേരിടുന്ന സാഹചര്യത്തില്‍ കടുത്ത നടപടിക്ക് പാര്‍ട്ടി നേതൃത്വം മുതിരില്ലെന്ന കാഴ്ചപ്പാടിലാണ് വി.എസ് ‘തുറന്നടിച്ച’തെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

എന്നാല്‍ ഇപ്പോഴത്തെ അസാധാരണമായ സംഭവ വികാസങ്ങള്‍ വരും ദിവസങ്ങളില്‍ സിപിഎം രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സിപിഎമ്മില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണ് വി.എസിന് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലുള്ളത്.

നിലവിലെ സാഹചര്യത്തെ ആം ആദ്മി പാര്‍ട്ടി നേതൃത്വവും ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. നേതൃത്വ അഭാവം നേരിടുന്ന കേരളത്തിലെ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിലേക്ക് വി.എസ് വരണമെന്ന് നേരത്തെ തന്നെ അരവിന്ദ് കെജ്‌രിവാളും, പ്രശാന്ത് ഭൂഷണും വി.എസിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. വി.എസ് വരികയാണെങ്കില്‍ അത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Top