താജ്മഹല്‍ കാണാന്‍ ഇനി ക്യൂവില്‍ നിന്ന് തളരേണ്ട

ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ കാണാന്‍ ഇനി ക്യൂ വേണ്ട. ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ അവസരം. വരുന്ന ക്രിസ്മസ് ദിനം മുതലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യമൊരുക്കുക. വ്യാജ ടിക്കറ്റുകളുടെ വില്‍പ്പന തടയാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വരുന്നതോടെ സാധിക്കും.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25 നാണ് പദ്ധതി തുടങ്ങുന്നത്. കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് താജ് മഹലില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് തുടങ്ങുന്നതിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

2013ല്‍ താജ്മഹല്‍ സന്ദര്‍ശിച്ചവര്‍ 60 ലക്ഷം വരും. അതേ സമയം, ഇത്തവണ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. വിമാനക്കൂലി വര്‍ധിപ്പിച്ചതാണ് ടൂറിസ്റ്റുകളുടെ എണ്ണം കുറയാന്‍ കാരണമെന്ന് ട്രവല്‍ ഫെഡറേഷന്‍ ഏജന്‍സിയുടെ പ്രസിഡന്റ് രാജീവ് തിവാരി പറയുന്നു.

Top