മുംബൈ: 2001 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ താന്‍ വഞ്ചന കാണിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ ഇതിഹാസതാരം സചിന്‍ ടെണ്ടുല്‍ക്കര്‍. വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന സചിന്റെ ആത്മകഥ ‘പ്ലെയിങ് ഇറ്റ് മൈ വേ’ യിലാണ് സച്ചിന്‍ ഇതു പരാമര്‍ശിക്കുന്നത്. 2001 ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു പന്തില്‍ കൃതൃമം കാണിച്ചതായി സച്ചിനെതിരെ ആരോപണം ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് മാച്ച് റഫറി മൈക്ക് ഡേന്‍സ് സച്ചിനെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.
ആ സംഭവം തന്നെ ഞെട്ടിച്ചതായും സത്യസന്ധതയോടെ ക്രിക്കറ്റ് കളിക്കുന്ന തനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും സച്ചിന്‍ പുസ്തകത്തിലുടെ വ്യക്തമാക്കുന്നു. പരമ്പര ഉപേക്ഷിക്കാന്‍ വരെ താന്‍ തയ്യാറായിരുന്നെങ്കിലും വഞ്ചകന്‍ എന്ന മുദ്ര കുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചെന്നും സച്ചിന്‍ ഓര്‍ക്കുന്നു.
അതേസമയം, അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി സച്ചിനെ അനുകൂലിച്ച് രംഗത്തെത്തി. സച്ചിന്‍ പന്തില്‍ കൃതൃമം കാണിച്ചിട്ടില്ല, പുതിയ പന്താണ് നല്‍കിയതെന്ന് താന്‍ ഇപ്പോഴും ഓര്‍ക്കുന്നു, പുതിയ പന്തില്‍ കൃതൃമം കാണിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു, മിഡ് ഓഫില്‍ നില്‍ക്കുകയായിരുന്ന തനിക്ക് എല്ലാം കാണാനാവുമായിരുന്നെന്നും ഗാംഗുലി വെളിപ്പെടുത്തി.