തിങ്കളാഴ്ച ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിയ 418 ബാറുകളില്‍ നൂറിലേറെ എണ്ണത്തില്‍ തിങ്കളാഴ്ച ബിയര്‍-വൈന്‍ വില്‍പന തുടങ്ങും. ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് വിതരണംചെയ്തു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്‍കിയത്. 22എണ്ണം. തൊട്ടുപിന്നില്‍ പത്തനംതിട്ടയാണ്. 14 എണ്ണം.

ലൈസന്‍സ് ലഭിച്ചവര്‍ക്കു തിങ്കളാഴ്ച മുതല്‍ ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ ഹൗസുകളില്‍നിന്നു സ്റ്റോക്കെടുത്തു വില്‍പ്പന തുടങ്ങാം. ലൈസന്‍സ് ലഭിച്ച സാഹചര്യത്തില്‍ ഇവയ്ക്കു പ്രവര്‍ത്തിച്ചു തുടങ്ങാന്‍ മറ്റു തടസങ്ങളില്ലെന്ന് എക്‌സൈസ് ഉന്നതര്‍ അറിയിച്ചു.

നാലു ലക്ഷം രൂപ ലൈസന്‍സ് ഫീസ് മാത്രം വാങ്ങിയാണു ബിയര്‍ വില്‍പനയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. നിലവിലുള്ള അംഗീകൃത ജീവനക്കാര്‍ക്കു തൊഴില്‍ നല്‍കണമെന്നാണു വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു ലൈസന്‍സ് നല്‍കുന്നത്. വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനു മുന്‍പു തന്നെ മിക്ക ബിയര്‍ പാര്‍ലറുകളുടെയും ശുചിത്വ പരിശോധന എക്‌സൈസ് വകുപ്പു പൂര്‍ത്തിയാക്കിയിരുന്നു.

Top