തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി മഹിന്ദ രജപക്‌സെ

കൊളംബോ: തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ സൈന്യത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ ശ്രീലങ്കയുടെ മുന്‍  പ്രസിഡന്റ് മഹിന്ദ  രജപക്‌സെ നിഷേധിച്ചു.  തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാണെന്ന് വ്യക്തമായതോടെ അധികാരം ഉറപ്പിക്കാന്‍ സൈന്യത്തെ ഉപയോഗപ്പെടുത്താന്‍ രജപക്‌സെ ശ്രമിച്ചിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  ട്വിറ്റര്‍ വഴിയാണ് രജപക്‌സെ ആരോപണങ്ങളോട് പ്രതികരിച്ചത്.

തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിധിനിര്‍ണയം താന്‍ അംഗീകരിക്കുന്നതായും തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.  പുതുതായി പ്രസിഡന്റ് പദവിയിലെത്തിയ സിരിസേനയാണ് രജപക്‌സെക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നത്.  ശ്രീലങ്കന്‍ സൈന്യത്തോടും പോലീസ് മേധാവികളോടും സുരക്ഷാ സൈന്യത്തെ വിന്യസിക്കാന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വെള്ളിയാഴ്ച രജപക്‌സെ പ്രേരിപ്പിച്ചുവെന്നും ഇത് അധികാരത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും സിരിസേന ചൂണ്ടിക്കാട്ടി.

എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ സൈനികരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് രജപക്‌സെ വ്യക്തമാക്കി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്ത ജനവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ട്വിറ്ററില്‍ രജപക്‌സെ കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച അന്വേഷണം നടത്തുമെന്ന് നേരത്തെ സിരിസേന പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ രജപക്‌സെ നിയോഗിച്ച നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ മാറ്റാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. രജപക്‌സെയുടെ ഭാഗത്തുനിന്ന് വല്ല സ്വാധീനവും വന്നിരുന്നോ എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചിട്ടില്ല.

Top