ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കുന്നു. ബി.ജെ.പി, ആം ആദ്മി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ഫണ്ട് സംബന്ധിച്ചാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുക. നാല് കമ്പനികളില്‍ നിന്നായി എ.എ.പിയ്ക്ക് രണ്ടു കോടി രൂപയുടെ ഫണ്ട് ലഭിച്ചു എന്ന് ആം ആദ്മിയിലെ മുന്‍ നേതാക്കളുടെ സംഘടനയായ എ.എ.പി വോളന്റീര്‍ മഞ്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
നാല് വ്യത്യസ്ത കമ്പനികളുടെ പേരില്‍ 50 ലക്ഷം രൂപ വീതം ഒരേ ദിവസം ഒരേസമയമാണ് എ.എ.പിക്ക് ലഭിച്ചതായി ആരോപണം ഉയര്‍ന്നത്. ഈ കമ്പനികളൊന്നും തന്നെ ഒരു രൂപയുടെ പോലും ബിസിനസ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആം ആദ്മിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ ആരോപണം എ.എ.പി നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്.