തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റ മരണവുമായി ബന്ധപ്പെട്ട് ശശിതരൂര്‍ അറസ്റ്റിലാവുന്നതോടെ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കാണുന്ന സിപിഎം സിപിഐയില്‍ നിന്ന് സീറ്റ് പിടിച്ച് വാങ്ങാന്‍ നീക്കം തുടങ്ങി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ ബെനറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും തിരഞ്ഞെടുപ്പിന് ശേഷം കോഴയാരോപണം ഉയര്‍ന്നതും ജില്ലാസെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അടക്കമുള്ളവര്‍ സിപിഐ വിട്ടതുമെല്ലാം തിരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം കരുനീക്കം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി അധികം കാലയളവില്ലെന്നിരിക്കെ ഇതിനിടക്ക് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അത് വരുന്ന മറ്റ് തിരഞ്ഞെടുപ്പുകളുടെ വിധിയേയും സ്വാധീനിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിനും പാര്‍ട്ടി കോണ്‍ഗ്രസിനും ശേഷം ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച നടത്താനാണ് തീരുമാനം.
സുനന്ദയുടെ മരണം തരൂരിന്റെ അറസ്റ്റും രാജിയും അനിവാര്യമാക്കിയതായാണ് സിപിഎം നേതൃത്വത്തിന്റെ വിലിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ അറസ്റ്റിലാകുന്ന ഘട്ടത്തില്‍ തരൂരിന് എം.പി സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും ഉറപ്പാണ്. ഒ.രാജഗോപാലിനേയോ നടന്‍ സുരേഷ് ഗോപിയേയോ രംഗത്തിറക്കി തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ ബിജെപി നീക്കം നടത്തുമെന്ന് ഉറപ്പായ സ്ഥിതിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇല്ലാതെ വന്നാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് സിപിഎം ജില്ലാ ഘടകവും നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആവുകയാണെങ്കില്‍ നടന്‍ മുകേഷിനെ രംഗത്തിറക്കണമെന്ന ആവശ്യവും സിപിഎം ജില്ലാ നേതൃത്വത്തില്‍ സജീവമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിച്ച എം.എ ബേബിക്കും ചാലക്കുടിയില്‍ മത്സരിച്ച നടന്‍ ഇന്നസെന്റിനും വേണ്ടി സിപിഎം സഹയാത്രികനായ മുകേഷ് പരസ്യമായി രംഗത്തിറങ്ങിയിരുന്നു.
ബാര്‍ വിഷയത്തില്‍ മാനംകെട്ട് ഭിന്നതയിലായ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് പോലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ വരില്ലെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. ബെനറ്റ് വിവാദത്തില്‍ പ്രതിരോധത്തിലായ സിപിഐ തിരുവനന്തപുരം സീറ്റിന്റെ കാര്യത്തില്‍ ഇനി നിര്‍ബന്ധം പിടിക്കില്ലെന്ന ആത്മവിശ്വാസവും സിപിഎമ്മിനുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സിപിഐക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ആയിരിക്കും പരിഗണിക്കുക. മുകേഷിന്റെ കാര്യത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ തിരുവനന്തപുരത്ത് പ്രതീക്ഷ വയ്‌ക്കേണ്ടെന്ന നിലപാട് പാര്‍ട്ടി അണികള്‍ക്കിടയിലും ശക്തമാണ്. അതേസമയം കേന്ദ്ര ഭരണത്തിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ തണലില്‍ ‘കേരളത്തിന്റെ നേട്ടത്തിന് ഒരു വോട്ട് ‘എന്ന മുദ്രാവാക്യവുമായി അക്കൗണ്ട് തുറക്കാനാണ് ബിജെപി – ആര്‍ എസ്എസ് നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കാന്‍ നിലവിലെ സാഹചര്യം തന്നെ ധാരാളമാണെന്ന കാഴ്ചപ്പാടിലാണ് സംഘപരിവാര്‍ നേതൃത്വം.
ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഒ.രാജഗോപാലിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം സംഘടനയ്ക്കുള്ളില്‍ ശക്തമാണെങ്കിലും ബിജെപി സംസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് നടന്‍ സുരേഷ്‌ഗോപിയോടാണ് താല്‍പര്യം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുഡ്‌ലിസ്റ്റില്‍ ഉള്ള സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ശുപാര്‍ശ ചെയ്യുന്നതിന് മുന്‍പ് സംസ്ഥാന കമ്മിറ്റി ശുപാര്‍ശ ചെയ്യണമെന്ന വികാരമാണ് അവര്‍ക്ക്.
അക്കൗണ്ട് തുറക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഇതുവരെ കേരളത്തില്‍ പരാജയപ്പെട്ട സ്ഥിതിക്ക് മറിച്ചൊരു തീരുമാനം കേന്ദ്ര നേതൃത്വം എടുക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍.
സ്ഥാനാര്‍ത്ഥി ആരായാലും കേന്ദ്രമന്ത്രി പദവിയോടു കൂടിയായിരിക്കും തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.
ഒ.രാജഗോപാല്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണറാക്കുമെന്നാണ് സൂചന. എന്നാല്‍ രാജഗോപാല്‍ അനുകൂലികളായ നേതാക്കള്‍ ഈ വാദം തള്ളിക്കളയുകയാണ്. തിരുവനന്തപുരത്തെ ഉപതിരഞ്ഞെടുപ്പ് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും അതുകൊണ്ട് തന്നെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിച്ചപ്പോള്‍ രാജഗോപാലിനെ പരിഗണിക്കാതിരുന്നതെന്നുമാണ് അവരുടെ വാദം.
കാര്യങ്ങള്‍ എന്തായാലും തരൂരിന്റെ രാജിക്ക് മുന്‍പുതന്നെ തലസ്ഥാനത്തെ രാഷ്ട്രീയത്തിന് ചൂടുപിടിച്ചിരിക്കുകയാണ്.