ഗോഹട്ടി: ആസാമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ എണ്ണം 68 ആയി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രക്ഷോഭകാരികള്‍ വീടുകളും പോലീസ് സ്റ്റേഷനും ആക്രമിച്ചു. സോണിത്പുര്‍ ജില്ലയില്‍ പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ച ആദിവാസികള്‍ക്കു നേരെ പോലീസ് വെടിവച്ചു. മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്കു പരിക്കേറ്റു.
കലാപസ്ഥിതി നിലനില്‍ക്കുന്ന ആസാമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും സഹമന്ത്രി കിരണ്‍ റിജിജുവും സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് അയ്യായിരം അര്‍ധസൈനികരെ ആസാമിലേക്ക് അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സോണിത്പുര്‍ ജില്ലയില്‍ 37ഉം കൊക്രജാറില്‍ 25ഉം ചിരാംഗില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 21 സ്ത്രീകളും 18 കുട്ടികളും പെടും.
ആസാമില്‍ നടന്നതു തീവ്രവാദി ആക്രമണമാണെന്നും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്നു സംസ്ഥാനത്തുണ്ടായ സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയി പറഞ്ഞു.