തുര്‍ക്കിയില്‍ ഇരട്ട സ്‌ഫോടനം 20 ഓളം പേര്‍ കൊല്ലപ്പെട്ടു

അംഗാറ: തുര്‍ക്കി തലസ്ഥാനമായ അംഗാറയിലെ സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റേഷന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

കുര്‍ദ്ദിഷ് വിമത വിഭാഗമായ പി.കെ.കെയ്‌ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുര്‍ദ്ദിഷ് അനുകൂല പാര്‍ട്ടിയായ എച്ച്.ഡി.പി നടത്തിയ റാലിക്കിടെയാണ് സ്‌ഫോടനം നടന്നത്. ശക്തമായ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

നിരവധി മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. ജൂണില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും എച്ച്.ഡി.പി പാര്‍ട്ടിയുടെ റാലിയ്ക്കിടെ സ്‌ഫോടനം നടന്നിരുന്നു. നവംബര്‍ ഒന്നിന് രാജ്യത്ത് വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്‌ഫോടനം. കുര്‍ദ്ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) യും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അടുത്തിടെ വീണ്ടും രൂക്ഷമായിരുന്നു.

Top