തൂങ്കാവനത്തില്‍ ഗായകനായും ഉലകനായകന്‍ കമല്‍ഹാസന്‍

കമല്‍ഹാസന്‍ വീണ്ടും ഗായകനായി എത്തുന്നു. കമല്‍ഹാസന്‍ തന്നെ നായകനാവുന്ന തൂങ്കാവനത്തിന് വേണ്ടിയാണ് ഉലകനായകന്‍ ഗാനം ആലപിക്കുന്നത്.

ചിത്രത്തിന് വേണ്ടിയൊരു ജെയിംസ് ബോണ്ട് ഗാനം കമല്‍ ആലപിച്ചെന്ന വാര്‍ത്ത സംഗീതസംവിധായകന്‍ ജിബ്രാന്‍ തന്നെയാണ് പുറത്തുവിട്ടത്. കമല്‍ പാടിയ പാട്ടുകളില്‍ നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന ഗാനമാണെന്നാണ് ജിബ്രാന്‍ പറഞ്ഞിരിക്കുന്നത്. വൈരമുത്തുവാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. തമിഴ് തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലെ ഗാനവും കമല്‍ തന്നെയാണ് ആലപിക്കുക എന്നും ജിബ്രാന്‍ പറഞ്ഞു.

വേട്ടയാട് വിളയാടിന് ശേഷം കമല്‍ പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് പുതുമുഖമായ രാജേഷ് എം സെല്‍വയാണ്. ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് സമാനമായ സ്‌റ്റൈലില്‍ ആയിരിക്കും ഒരുക്കുക എന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ സ്ലീപ്പ്‌ലെസ് നൈറ്റ്‌സ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണ് തൂങ്കാവനം.

തൃഷയാണ് നായിക. കമല്‍ഹാസനേയും തൃഷയേയും കൂടാതെ പ്രകാശ് രാജ്, കിഷോര്‍, ആശാ ശരത്ത്, സമ്പത്ത് രാജ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാജ്കമല്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ എസ് ചന്ദ്രഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

Top