വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോൺഗ്രസ്. സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിന് ആശയക്കുഴപ്പങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുർഷിദാബാദിലെ പാർട്ടി ഓഫീസിലെ വാർത്താസമ്മേളനത്തിൽ വച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.
തൃണമൂൽ കോൺഗ്രസ് ചിന്താക്കുഴപ്പത്തിലാണെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഔദ്യോഗികമായൊരു തീരുമാനം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മമതാ ബാനർജി സഖ്യവുമായി മുന്നോട്ട് പോകുന്നുണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കണം, അധീര്‍ രഞ്ജന്‍ പറഞ്ഞു.
സഖ്യത്തിനൊപ്പമല്ലാതെ മത്സരിച്ചാൽ സംസ്ഥാനത്തെ ന്യൂനപക്ഷം തങ്ങൾക്കെതിരെ വോട്ട് ചെയ്യുമെന്ന് തൃണമൂലിലെ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട് എന്നതാണ് അവരുടെ ആദ്യത്തെ പ്രതിസന്ധി. കൂടാതെ, ബംഗാളിൽ സഖ്യത്തിന് പ്രാധാന്യം നൽകിയാൽ മോദി സർക്കാർ തങ്ങൾക്കെതിരെ ഇ.ഡി., സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഈ രണ്ട് പ്രതിസന്ധികൾ കാരണം അവർക്ക് വ്യക്തമായൊരു തീരുമാനം അറിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഡൽഹിയിൽ ചില ചർച്ചകൾ നടക്കുന്നുണ്ടാകാം. എന്നാൽ, തനിക്ക് അതേക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത നേരത്തെ അറിയിച്ചിരുന്നു. അതേസമയം, വിട്ടുവീഴ്ചചെയ്തും സഖ്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.