തെന്നിന്ത്യന്‍ താരം അമലാ പോള്‍ നിര്‍മ്മാതാവാകുന്നു

തെന്നിന്ത്യന്‍ താരം അമലാ പോള്‍ അടുത്തതായി നിര്‍മാണ രംഗത്ത് ചുവടുവയ്ക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമലയും ഭര്‍ത്താവ് എ.എല്‍ വിജയും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.

ആദ്യമായി നിര്‍മാണ രംഗത്തെത്തുന്നതിന്റെ സന്തോഷത്തിലാണ് അമല. താന്‍ എല്ലാ കാര്യങ്ങളും വലിയതായി ചിന്തിക്കുന്ന വ്യക്തിയാണെന്നും അതിനാല്‍ തന്റെ സിനിമാ കമ്പനിയുടെ പേരും തിങ്ക് ബിഗ് സ്റ്റുഡിയോസ് എന്നാണെന്നും താരം പറഞ്ഞു.

പ്രിയദര്‍ശന്റെ ചിത്രത്തില്‍ ജനങ്ങള്‍ക്കുള്ളൊരു ശക്തമായ സന്ദേശം ഉണ്ട്. ഈ ചിത്രത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. അന്താരാഷ്ട്ര പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചിത്രം ഒരുക്കാനാണ് ശ്രമിക്കുന്നത്. നമ്മുടെ സിനിമയ്ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഈ ചിത്രം അംഗീകാരം നേടിത്തരുമെന്നും അമല കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ഉള്ളത് പ്രകാശ് രാജും ശ്രിയയും മറ്റൊരു നടനും.ആ വേഷം ആര് അവതരിപ്പിക്കുമെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല. എയിഡ്‌സാണ് ചിത്രത്തിന്റെ പ്രമേയം. ശക്തമായൊരു സാമൂഹ്യ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്.

ഈ ചിത്രത്തിലൂടെ പതിനാല് പുതുമുഖ താരങ്ങള്‍ വെള്ളിവെളിച്ചത്തിലേക്ക് ചുവടു വയ്ക്കുകയാണ്.

കാഞ്ചീവരം എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാകും ഈ ചിത്രത്തിലും പ്രവര്‍ത്തിക്കുക. ആഗസ്റ്റ് മദ്ധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

Top