തിരുവനന്തപുരം: ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനു വോട്ടുതേടുമ്പോള്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നുപറയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്.
എന്തുകൊണ്ടാണ് പോരായ്മകള്‍ സംഭവിച്ചതെന്നും അത് നികത്താന്‍ എന്തൊക്കെ ചെയ്യുമെന്നും ജനങ്ങളോടു വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ കോര്പറേഷന് തിരഞ്ഞെടുപ്പു പ്രകടനപത്രികയ്ക്കു രൂപം നല്കാന് ചേര്‍ന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശികതലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കേണ്ടത്.
കോണ്‍ഗ്രസിന്റെ ഭരണം സഹിക്കാന്‍ വയ്യാതെയാണ് ജനങ്ങള്‍ ബിജെപിക്ക് അവസരം കൊടുത്തത്. എന്നാല്‍, വര്‍ഗീയതയെ പ്രോല്‍സാഹിപ്പിച്ച് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്നും വി.എസ് കുറ്റപ്പെടുത്തി.