നിലമ്പൂര്‍: പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജീവിത യാതാര്‍ത്ഥ്യങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നിന്ന ആദിവാസി യുവതി ജാനുവിന് ഇനി കണ്ണീര്‍ തുടച്ച് മക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ തലചായ്ച്ചുറങ്ങാം…
അഞ്ചു മക്കളെയും ഭര്‍ത്താവിനെയും ചേര്‍ത്തുപിടിച്ച് കുടുംബമായി ഒരു വീട്ടില്‍ സമാധാനത്തോടെ തലചായ്ക്കാനുള്ള അവസരമാണ് ജാനുവിനിപ്പോള്‍ കൈവന്നിരിക്കുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ മാറിമാറി താമസിക്കുന്ന വല്ലപ്പുഴ കോളനിയിലെ പൂളക്കല്‍ ജാനു (30)വിനാണ് മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ കാരുണ്യത്തില്‍ വീടുവെക്കാന്‍ സ്ഥലം ലഭിച്ചത്. തന്റെ ജീവിത ദുരിതം നേരിട്ടറിയിച്ചപ്പോള്‍ഏനാന്തി ചക്കപ്പാലയിലെ സ്വന്തം സ്ഥലത്തുനിന്നും രണ്ടു സെന്റ് ഭൂമിയാണ് ആര്യാടന്‍ ഷൗക്കത്ത് അവര്‍ക്ക് നല്‍കിയത്.
വേദനയും കണ്ണീരും നിറഞ്ഞതാണ് ജാനുവിന്റെ ജീവിതം. പിച്ചവെക്കും മുമ്പെ അമ്മ മരിച്ചു. കൈക്കുഞ്ഞായ ജാനു ചുങ്കത്തറ തലഞ്ഞിയിലെ കുടിലില്‍ നിന്നും അച്ഛന്‍ കുഞ്ഞാടിയുടെ കൈപിടിച്ച് നിലമ്പൂര്‍ വല്ലപ്പുഴയിലെ സഹോദരി ലീലയുടെ വീട്ടില്‍ അഭയംതേടി എത്തുകയായിരുന്നു. പിന്നെ ജാനുവിന്റെ ജീവിതം വല്ലപ്പുഴ കോളനിയിലായി. അച്ഛനും മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു. കൂലിവേല ചെയ്ത് അടുത്ത വീടുകളില്‍ മാറിമാറിയായിരുന്നു താമസം. കുറച്ചു ദിവസം കഴിയുമ്പോള്‍ പലരുടെയും മുഖം കറുക്കും പിന്നെ ഇറക്കി വിടും.
ജീവിതം സ്വസ്ഥതയില്ലാത്ത അലച്ചിലായകാലത്താണ് എടക്കരയിലെ ബാലന്റെ കൈപിടിച്ച് കുടുംബ ജീവിതം തുടങ്ങിയത്. കുംടുംബമായിട്ടും വീടെന്ന സ്വപ്‌നം ബാക്കിയായി. സ്വന്തമായി വീടില്ലാത്ത ബാലനൊപ്പം ബാലന്റെ ജ്യേഷ്ഠഭാര്യയുടെ വീട്ടിലായിരുന്നു താമസം. അവിടയും സ്ഥിരമായി തങ്ങാന്‍ കഴിഞ്ഞില്ല. ജാനു അഞ്ചു കുട്ടികള്‍ക്കും ജന്‍മം നല്‍കിയത് കോളനിയിലെ അഞ്ചു വ്യത്യസ്ഥ വീടുകളില്‍ താമസിക്കുമ്പോഴാണ്. നിറവയറുമായി നില്‍ക്കുമ്പോള്‍ പോലും ചിലര്‍ കുത്തുവാക്കുകള്‍ പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. കരുണതോന്നിയ ചിലര്‍ തലചായ്ക്കാന്‍ ഇടം നല്‍കി. എങ്കിലും വല്ലപ്പുഴ കോളനിവിട്ട് ജാനു പോയിട്ടില്ല. സഹോദരി ലീലയുടെ വീട്ടില്‍ എല്ലാവര്‍ക്കും കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ അഞ്ചു വീടുകളില്‍ പിറന്ന അഞ്ചു മക്കളും ഇപ്പോള്‍ കോളനികളിലെ വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്.
കൈക്കുഞ്ഞുങ്ങളായ സന്ധ്യയും യദുകൃഷ്ണയും അമ്മയ്‌ക്കൊപ്പം കിടക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കൃഷ്ണകുമാറും കൃഷ്ണപ്രിയയും ബബിതയും കോളനിയിലെ കൂട്ടുകാരുടെ വീടുകളില്‍ അന്തിയുറങ്ങും. ഭര്‍ത്താവ് ബാലന് അടുത്തിടെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അടുത്തുള്ള കരിമ്പുഴയില്‍പോയി മീന്‍പിടിച്ച് അത് വിറ്റാണ് ബാലന്‍ കുംടുംബം നോക്കാന്‍ പണംകണ്ടെത്തുന്നത്.
സ്വന്തമായി വീടിനുവേണ്ടി ജാനു മുട്ടാത്ത വാതിലുകളില്ല. ഐ.ടി.ഡി.പി ഉദ്യോഗസ്ഥരെയും വില്ലേജ് അധികൃതരെയും പലവട്ടം സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സ്വന്തമായി സ്ഥലമില്ലാത്തിനാല്‍ മുനിസിപ്പാലിറ്റിയുടെ വീടിന് അപേക്ഷിക്കാനും കഴിഞ്ഞില്ല.
ഒടുവില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ട് ദുരിതജീവിതം പറയുകയായിരുന്നു. ഉദ്യോഗസ്ഥന്‍മാരെപോലെ സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് മടക്കിവിടാതെ സ്വന്തം സ്ഥലത്തുനിന്നും വീടുവെക്കാന്‍ രണ്ടു സെന്റ് രജിസ്റ്റര്‍ ചെയ്തുനല്‍കാമെന്നു പറയുകയായിരുന്നു. കയ്പുനിറഞ്ഞ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അതെന്ന് നിറകണ്ണുകളോടെ മക്കളെ ചേര്‍ത്തുപിടിച്ച് ജാനു പറഞ്ഞു.