തെറ്റുകള്‍ തുടര്‍ക്കഥയാക്കി വീണ്ടും ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: ദൂരദര്‍ശന് വീണ്ടും പിഴച്ചു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ചിത്രമാണ് കാണിച്ചത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിശദമായ ബുള്ളറ്റിന്‍ തുടങ്ങുന്നതിന് മുന്‍പ് തലക്കെട്ടുകള്‍ പറയുന്നതിനിടെയാണ് മോദിയുടെ യു.എസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മന്‍മോഹന്‍ സിംഗിന്റെ ചിത്രം കാണിച്ചത്. പിന്നീട് വന്ന സ്‌ളോട്ടുകളിലും ഈ തെറ്റ് ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്.

അക്ഷന്ത്യവ്യമായ തെറ്റാണ് സംഭവിച്ചതെന്ന് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും വാര്‍ത്താ വൃത്തങ്ങള്‍ പറഞ്ഞു.

ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേര് പതിനൊന്നിനെ സൂചിപ്പിക്കുന്ന റോമന്‍ അക്കമായ XI എന്ന് തെറ്റിദ്ധരിച്ച വാര്‍ത്താ അവതാരക ഇലവന്‍ ജിന്‍ പിങ് എന്ന് പ്രസിഡന്റിന്റെ പേര് തെറ്റായി ഉച്ചരിച്ചിരുന്നു. അവരെ പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

കാശ്മീരില്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു റിപ്പോര്‍ട്ടര്‍ അനന്ത്‌നാഗ് എന്ന സ്ഥലത്തിന് പകരം ഇസ്ലാമാബാദെന്നും ശങ്കരാചാര്യ ഹില്ലിനു പകരം സുലൈമാന്‍ എന്നും പറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

Top