ത്രിരാഷ്ട്ര പരമ്പര: ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചു

സിഡ്‌നി: ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്പിച്ചു. 235 റണ്‍സ് വിജയലക്ഷ്യം ഓസീസ് 10.1 ഓവര്‍ ബാക്കിനില്‍ക്കേ മറികടന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി (127) കരുത്തില്‍ 115 പന്തില്‍ 18 ബൗണ്ടറികളുടെ അകമ്പടിയിലായിരുന്നു ഓസിസിന്റെ ജയം. വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്.

ഇംഗ്ലണ്ട് നിരയില്‍ പേസര്‍ ക്രിസ് വോക്‌സ് നാല് വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എയിന്‍ മോര്‍ഗന്റെ സെഞ്ചുറിയുടെ മികവിലാണ് 234 റണ്‍സിലെത്തിയത്. 121 റണ്‍സ് നേടിയ മോര്‍ഗന്‍ മാത്രമാണ് ഓസീസ് ബൗളിംഗിനെ ഭംഗിയായി നേരിട്ടത്. 136 പന്ത് നേരിട്ട മോര്‍ഗന്‍ 11 ഫോറും മൂന്ന് സിക്‌സും നേടി.

ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ നായകന്‍ ഒറ്റയ്ക്കാണ് കരകയറ്റിയത്. ഇയാല്‍ ബെല്‍, ജയിംസ് ടെയ്‌ലര്‍ എന്നിവര്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് മിച്ചല്‍ സ്റ്റാര്‍ക്ക് പവലിയനിലെത്തിച്ചു. പിന്നാലെ ജോ റൂട്ട് (5) പുറത്തായതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 12/3 എന്ന നിലയിലായി. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും നേടി മൊയിന്‍ അലി (22) പ്രതീക്ഷ നല്കിയെങ്കിലും ജയിംസ് ഫോക്‌നറുടെ മുന്നില്‍ വീണു. രവി ബൊപ്പാര (18), വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ (28) എന്നിവരും പൊരുതാതെ കീഴടങ്ങിയതോടെ ക്യാപ്റ്റന്‍ ഒറ്റയ്ക്ക് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. മോര്‍ഗന്‍ ഒന്‍പതാമനായാണ് പുറത്തായത്. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടി.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഞായറാഴ്ച ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മെല്‍ബണില്‍ രാത്രിയും പകലുമായാണ് മത്സരം.

Top