ത്രിരാഷ്ട്ര ക്രിക്കറ്റ്: ഓസ്‌ട്രേലിയ ഫൈനലില്‍ ഇടം നേടി

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയ ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനല്‍ ബര്‍ത്ത് നേടി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം ഓസീസ് ഒരു പന്ത് ശേഷിക്കേ മറികടന്നു. ഇയാന്‍ ബെല്ലിന്റെ സെഞ്ചുറിക്ക് അരങ്ങേറ്റ നായകന്‍ സ്റ്റീവ് സ്മിത്തിലൂടെ മറുപടി നല്കിയാണ് മൂന്നു വിക്കറ്റിന് ജയം നേടിയത്. കളിച്ച മൂന്നു മത്സരവും ജയിച്ചാണ് ഓസീസ് പെര്‍ത്തിലെ ഫൈനലിനു യോഗ്യത നേടിയത്.

ടെസ്റ്റിലെ അരങ്ങേറ്റം സെഞ്ചുറിയിലൂടെ അവിസ്മരണീയമാക്കിയ സ്മിത്ത് ഏകദിന അരങ്ങേറ്റത്തിലും പ്രകടനം ആവര്‍ത്തിച്ചു. 102 റണ്‍സ് നേടി സ്മിത്ത് പുറത്താകാതെ നിന്നു. ആറ് ഫോറും ഒരു സ്‌ക്‌സും അടങ്ങിയ മനോഹര ഇന്നിംഗ്‌സ്. ഷോണ്‍ മാര്‍ഷ് (45), ബ്രാഡ് ഹാഡിന്‍ (42), ആരോണ്‍ ഫിഞ്ച് (32) എന്നിവര്‍ ക്യാപ്റ്റനു മികച്ച പിന്തുണ നല്കി. ഏകദിനത്തില്‍ ക്യാപ്റ്റനായി അരങ്ങേറി സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് സ്മിത്ത്. ടെസ്റ്റിലും ഏകദിനത്തിലും നായകനായി അരങ്ങേറി സെഞ്ചുറി നേടിയ ഏക താരവും സ്മിത്താണ്. സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തേ ഓപ്പണര്‍ ഇയാന്‍ ബെല്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് 303 റണ്‍സ് നേടിയത്. 125 പന്തില്‍ 15 ഫോറും ഒരു സിക്‌സും അടക്കം ബെല്‍ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 141 റണ്‍സ് നേടി. ഏകദിനത്തില്‍ 5000 റണ്‍സ് പിന്നിട്ട ബെല്‍ ഏറ്റവും അധികം റണ്‍സ് നേടിയ(5136) ഇംഗ്ലണ്ട് താരവുമായി. പോള്‍ കോളിംഗ്‌വുഡാണ് 5000 തികച്ച ആദ്യ ഇംഗ്ലീഷ് താരം. ജോ റൂട്ട് (69), മൊയിന്‍ അലി (46) എന്നിവരും തിളങ്ങി.

Top