ന്യൂഡല്‍ഹി: അഞ്ചു ദിവസ ത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. സീഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണു മോദി സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യ മുഖ്യപരിഗണന നല്‍കുന്നതായി യാത്ര തിരിക്കും മുന്‍പു പ്രധാനമന്ത്രി പറഞ്ഞു. മൂന്നു രാജ്യങ്ങളുമായും മികച്ച സഹകരണം സ്ഥാപിക്കാന്‍ യാത്രയിലൂടെ കഴിയുമെന്നാണു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം സീഷെല്‍സിലാണ്. പ്രസിഡന്റ് ജയിംസ് അലക്‌സിസുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി, സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകളില്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് മൗറീഷ്യയിലേക്ക് യാത്ര തിരിക്കും. വ്യാഴാഴ്ച നടക്കുന്ന മൗറീഷ്യസ് ദേശീയ ദിനത്തില്‍ മോദിയാണു മുഖ്യാതിഥി. വെള്ളിയാഴ്ച അദ്ദേഹം ശ്രീലങ്കയിലെത്തും. പ്രസിഡന്റ് മൈത്രിപാല സിരിസേനയടക്കം വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇതിനിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വിവാദ പരാര്‍ശവും ചര്‍ച്ചാവിഷയമായേക്കും. അതിര്‍ത്തി കടന്നാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എല്‍ടിടിഇയുടെ ശക്തികേന്ദ്രമായ ജാഫ്‌ന മോദി സന്ദര്‍ശിക്കുമെന്നു റിപ്പോര്‍ട്ട്.