ദക്ഷിണാഫ്രിക്കന്‍ പരമ്പര;ഇമ്രാന്‍ താഹിറിനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേരിടണമെന്ന് സച്ചിന്‍

മുംബൈ: ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരന്പരയില്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിയണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എ.ബി.ഡി വില്ലേഴ്‌സ്, ഹാഷിം അംല, ഡെയ്ല്‍ സ്‌റ്റൈന്‍ എന്നീ മികച്ച കളിക്കാര്‍ക്കൊപ്പം ഇമ്രാന്‍ താഹിര്‍ എന്ന മികച്ച ലെഗ് സ്പിന്നറെയും നേരിടേണ്ടി വരുമെന്നും സച്ചിന്‍ പറഞ്ഞു. ഓക്‌സിജന്‍ കമ്പനിയുടെ അംബാസഡറായി ചുമതലയേറ്റതിന് ശേഷം മുംബൈയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സച്ചിന്‍.

നിലവിലെ ഇന്ത്യന്‍ ടീം ഏറ്റവും മികച്ച കളിക്കാരുള്ള ടീമാണെന്നും സച്ചിന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി ട്വന്റി മത്സരങ്ങള്‍ മികച്ചതാവുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയുമായി 1991ല്‍ നടന്ന ആദ്യ പരമ്പര മുതലുള്ള ചരിത്രവും സച്ചിന്‍ ഓര്‍മ്മിച്ചു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന 1993ലെ ഹീറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ നേടിയ വിജയം മറക്കാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു.

തന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു മത്സരത്തിലേത്. ദക്ഷിണാഫ്രിക്കന്‍ ടീം ഏപ്പോഴുമെന്ന പോലെ നിലവിലും ശക്തമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ താഹിര്‍ ഒന്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുന്നത്. മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

Top