പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്റ്റോറിയസ് ജയില്‍മോചിതനായി. ജയില്‍മോചിതനായെങ്കിലും പിസ്റ്റോറിയസ് വീട്ടുതടങ്കലില്‍ കഴിയേണ്ടിവരും.
ദക്ഷിണാഫ്രിക്കന്‍ പരോള്‍ റിവ്യൂ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചത്.
കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ ജയില്‍ വാസത്തില്‍ ഒരു വര്‍ഷം കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ പിസ്റ്റോറിയസിന് പരോള്‍ അനുവദിക്കണമെന്ന് അഭിഭാഷകര്‍ നേരത്തേ വാദിച്ചിരുന്നു.
ദക്ഷിണാഫ്രിക്കന്‍ നിയമമനുസരിച്ച് അഞ്ചു വര്‍ഷമോ അതില്‍ കുറവോ ശിക്ഷ ലഭിച്ചാല്‍ ആറില്‍ ഒരു ഭാഗം ശിക്ഷ അനുഭവിച്ചാല്‍ സര്‍ക്കാരിന് കുറ്റവാളിയെ പുറത്തുവിടാം.
2013ല്‍ കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവച്ചു കൊന്ന കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണു പിസ്റ്റോറിയസിനെ പ്രിട്ടോറിയയിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. കൃത്രിമക്കാലുകളില്‍ ഒളിംപിക്‌സില്‍ മത്സരിച്ചു ശ്രദ്ധ നേടിയ താരമാണ് പിസ്റ്റോറിയസ്.