ന്യൂഡല്‍ഹി: ഗ്രാമത്തിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ വരവാണ് വിഷയം ഇത്ര ഗുരുതരമാക്കിയതെന്ന് പ്രതിയുടെ പിതാവ് രാജേഷ് റാണ. രാഷ്ട്രീയ നേതാക്കള്‍ ഗ്രാമത്തിലേക്കു വരുന്നതും അവരുടെ വാക്കുകളുമാണ് ദാദ്രിയില്‍ സംഘര്‍ത്തിനു കാരണമാകുന്നത്. ഇവിടേക്കുള്ള മന്ത്രിമാരുടെ വരവ് നിര്‍ത്തണം. അങ്ങനെയാണെങ്കില്‍ ഇവിടുത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ഇളവുവരുമെന്ന് രാജേഷ് റാണ പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ഇഖ്‌ലാഖ് എനിക്കൊരു സഹോദരനെപ്പോലെയാണ്. എന്റെ മകനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും റാണ പറഞ്ഞു.
അതേസമയം, പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉറപ്പുനല്‍കി. കുടുംബത്തിനുള്ള ധനസഹായം 45 ലക്ഷം രൂപയായി ഉയര്‍ത്തിയെന്നും ഇഖ്‌ലാഖിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഒരുസംഘമാളുകള്‍ ഇഖ്‌ലാഖിനെ വീട്ടില്‍നിന്നു വലിച്ചിറക്കി മര്‍ദിച്ചുകൊന്നത്. മകന്‍ ഡാനിഷിനും പരുക്കേറ്റു. സംഭവത്തില്‍ മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.