ദാദ്രി കൊലപാതകത്തെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യം

നാഗ്പൂര്‍: ദാദ്രി കൊലപാതകത്തെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യം രംഗത്ത്. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാന്‍ വേദ പുസ്തകങ്ങള്‍ പറയുന്നെന്ന് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നു. തുഫൈല്‍ ചതുര്‍വേദി എഴുതിയ ‘ ഇസ് ഉട്പാട് കെ ഉസ് പാര്‍’ (അസ്വസ്തതയുടെ മറുവശം) എന്ന ലേഖനത്തിലാണ് ദാദ്രി കൊലപാതകത്തെ മഹത് വത്കരിക്കുന്നത്.

മദ്രസകളും മുസ്ലിം നേതാക്കളും ഇന്ത്യയുടെ പാരമ്പര്യം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള മോശം ചിന്താഗതിയുടെ ഭാഗമായാണ് അഖ്‌ലാക്ക് പശുവിനെ കൊന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുന്ന എഴുത്തുകാര്‍ എന്തു കൊണ്ടാണ് പശുവിനെ കൊന്ന വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും ലേഖനം ചോദിക്കുന്നു.

അഖ്‌ലാക്ക് പശുവിനെ കൊന്നെന്നു സമര്‍ഥിക്കുന്ന ലേഖനത്തില്‍ കൊലപാതകത്തെ ന്യായീകരിക്കാന്‍ ന്യൂട്ടന്റെ മൂന്നാം നിയമവും എഴുത്തുകാരന്‍ ഉപയോഗിച്ചിട്ടുണ്ട്. ഏതു പ്രവര്‍ത്തനത്തിനും ഒരു പ്രതി പ്രവര്‍ത്തനമുണ്ടാവുമെന്ന് അഖ്‌ലാക്ക് മനസിലാക്കണമായിരുന്നെന്നും അതനുസരിച്ച് ചുറ്റുപാടുകള്‍ മനസിലാക്കി അഖ്‌ലാക്ക് ജീവിക്കണമായിരുന്നെന്നും ലേഖനം പറയുന്നു. 80 ശതമാനം ജനങ്ങളുടെ മാനസികാവസ്ഥ പരിഗണിക്കാതിരുന്നാല്‍ ഇതു പോലുള്ള അവസ്ഥ എങ്ങനെ തടയാനാകുമെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

നൂറ്റാണ്ടുകളായി പൂര്‍വികര്‍ ഗോവധം തടയാനായി നിലകൊണ്ടിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ലേഖനമെഴുതിയ വിനയ് കൃഷ്ണ ചതുര്‍വേദി നിലപാട് ആവര്‍ത്തിച്ചു. ഹിന്ദുക്കളുടെ അഭിമാന പ്രശ്‌നമാണിത്. ഗോവധം നടത്തുന്നവരെ കൊല്ലാന്‍ യജുര്‍വേദം പറയുന്നുണ്ടെന്ന് വിനയ് കൃഷ്ണ ചതുര്‍വേദി അവകാശപ്പെട്ടു. ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ മാനിയ്ക്കാത്തവര്‍ ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.

പശുവിനെ കശാപ്പു ചെയതയാളെ കൊന്നാള്‍ സമൂഹം ഒരിക്കലും അയാളെ കുറ്റവാളിയായി കണക്കാക്കില്ല, പകരം കൊലപാതകിക്ക് സമൂഹം വീര പരിവേഷം നല്‍കും. പുറത്തു നിന്നെത്തിയവര്‍ തദ്ദേശീയരായ ഹിന്ദുക്കളെ മതം മാറ്റിയാണ് രാജ്യത്ത് മുസ്ലിംങ്ങളുണ്ടായത്. എന്നിട്ടവര്‍ സത്വത്തെ വെറുക്കാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന പാരമ്പര്യത്തെ അവഗണിച്ചു. കുറച്ചു തലമുറകള്‍ക്ക് മുമ്പ് വരെ അഖ്‌ലഖ് ഹിന്ദുവായിരുന്നു. മറ്റു ഹിന്ദുക്കളെപ്പോലെ തന്നെ അയാളുടെ കുടുംബവും പശുവിനെ സംരക്ഷിക്കുകയും പശുവിനെ കൊല്ലുന്നവരെ കൊല്ലുകുയും ചെയ്തിരുന്നു. പശുവിന്‍ നെയ് പുരട്ടിയ വെടിയുണ്ടകളായിരുന്നു 1857 ഒന്നാം സ്വാതന്ത്ര സമരത്തിനു പിന്നിലെന്നും ലേഖനം അടിവരയിടുന്നു.

Top