അമ്പി: ദാരിദ്ര്യത്തെ തുടര്‍ന്ന് അഞ്ച് മക്കളുടെ അമ്മ തീകൊളുത്തി മരിച്ചു. മഹാരാഷ്ട്രയിലെ ഉസ്മാനബാദ് ജില്ലയിലെ അന്പി ഗ്രാമത്തിലാണ് സംഭവം. മനീഷ ഗത്കാല്‍(40) എന്ന സ്ത്രീയാണ് തന്റെ മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്‍കാനാകാത്തതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയത്.
ശനിയാഴ്ച രക്ഷാബന്ധന്‍ ആഘോഷിക്കുന്ന വേളയിലായിരുന്നു മനീഷയുടെ ആത്മഹത്യ. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഫട്‌നാവിസ് സന്ദര്‍ശനം നടത്തിയ മറാത്തവാഡയിലാണ് ദാരുണ സംഭവം.
മക്കളെ വീടിന് പുറത്ത് കളിക്കാന്‍ വിട്ട് മുറി പൂട്ടി മനീഷ ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലി തേടി താന്‍ പുറത്തുപോയപ്പോഴാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന് മനീഷയുടെ ഭര്‍ത്താവ് ലക്ഷ്മണ്‍ പറഞ്ഞു.
18 കിലോ ഗോതന്പും 12 കിലോ അരിയുമാണ് ഇവരുടെ ഒരു മാസത്തെ റേഷന്‍. ഏഴ് അംഗങ്ങളുള്ള കുടുംബത്തില്‍ ഇത് തികയില്ല. 12 ദിവസം കൊണ്ട് അത് തീരും. ജോലി ലഭിക്കാത്തതിനാല്‍ പട്ടിണിയാണ്. മറ്റ് കര്‍ഷക ആത്മഹത്യ പോലെയല്ല മനീഷയുടെ മരണമെന്നും ഒരു ലോണ്‍ എടുക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ലെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. ലക്ഷ്മണിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി ലഭിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ആവശ്യത്തിന് പണം ലഭിക്കുമായിരുന്നെന്നും മനീഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നെന്നും ലക്ഷ്മണിന്റെ സഹോദരന്‍ ആരോപിച്ചു.