ദാവൂദിനെ വധിക്കാനുള്ള അവസരം ഒരു ‘ഫോണ്‍ കോള്‍’ തട്ടിത്തെറിപ്പിച്ചു

ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയും കൊടുംഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ അവസരം കിട്ടിയിട്ടും അവസാന നിമിഷം വന്ന ഫോണ്‍ കോളിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ദാവൂദിനെ വധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് അവസരം ലഭിച്ചത്.

ഐ.ബി.എന്‍ 7 ചാനലാണ് ഇതു സംബന്ധിച്ച വിവരം പുറത്തു കൊണ്ടുവന്നത്. ‘2013ല്‍ ദാവൂദ് ഇബ്രാഹിമിനെ വധിക്കാനുള്ള ഓപ്പറേഷന് പദ്ധതിയിട്ടു. ഇതിനായി ഒമ്പത് ഏജന്റുമാരെ ‘റോ’തിരഞ്ഞെടുക്കുകയും ചെയ്തു. ഇവര്‍ക്ക് സുഡാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇവര്‍ ‘സൂപ്പര്‍ ബോയ്‌സ്’ എന്നാണ് അറിയപ്പെട്ടിരുന്നത്’. റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിരുന്നെന്നും സെപ്തംബര്‍ 13 നാണ് ഓപ്പറേഷന്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

വര്‍ഷങ്ങളായി കറാച്ചിയിലാണ് ദാവൂദ് താമസിച്ചു വരുന്നത്. എല്ലാ ദിവസവും ദാവൂദ് താമസിക്കുന്ന സ്ഥലത്ത് നിന്ന് ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് സഞ്ചരിക്കാറുണ്ട്. ഈ അവസരത്തില്‍ വധിക്കാനായിരുന്നു ‘സൂപ്പര്‍ ബോയ്‌സി’ന്റെ പദ്ധതി. 2013 സെപ്തംബര്‍ 13ന് റോഡിന്റെ പലഭാഗങ്ങളിലായി ഇവര്‍ നിലയുറപ്പിച്ചു. എന്നാല്‍ ആക്രമണം നടത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഒരു ഫോണ്‍ കോള്‍ വരുകയും ഓപ്പറേഷനില്‍ നിന്ന് പിന്മാറുകയുമായിരുന്നു. എന്നാല്‍ ആരാണ് ഫോണ്‍ വിളിച്ചതെന്ന് വെളിപ്പെട്ടിട്ടില്ല.

പാക്കിസ്ഥാനിലേക്ക് കടന്ന ശേഷം ദാവൂദിനെ പിടികൂടാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്.

Top