ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായിരുന്ന ദിനേശ് മോംഗിയ ഒത്തുകളി സംഘത്തിലെ അംഗമായിരുന്നെന്നു മുന്‍ ന്യൂസിലന്‍ഡ് താരം ലൂ വിന്‍സന്റിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളി കേസില്‍ ലണ്ടന്‍ കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍(ഐസിഎല്‍) നാലുപേരടങ്ങിയ വാതുവെപ്പു സംഘത്തില്‍ മോംഗിയയും ഉള്‍പ്പെട്ടിരുന്നുവെന്ന് വിന്‍സന്റ് കോടതിയെ അറിയിച്ചു. ഐപിഎല്ലിന് സമാനമായ രീതിയില്‍ നടക്കുന്ന മത്സരമാണ് ഐസിഎല്‍. ഛണ്ഡിഗഡ് ലയണ്‍സ് ടീമില്‍ സഹതാരങ്ങളായിരുന്നു മോംഗിയയും വിന്‍സന്റും. ടീം ക്യാപ്റ്റന്‍ ക്രിസ് കെയിന്‍സിന് എതിരായ വാതുവെപ്പ് കേസിലാണ് വിന്‍സന്റ് മോംഗിയക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്.
താനും വാതുവെപ്പ് സംഘത്തില്‍ അംഗമായിരുന്നെന്ന് കുറ്റസമ്മതം നടത്തിയ വിന്‍സെന്റ് മുതിര്‍ന്ന ടീം അംഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു താനെന്നും വെളിപ്പെടുത്തി. കളിയില്‍ നിറം മങ്ങിയാല്‍ ഒരു കളിക്ക് അമ്പതിനായിരം ഡോളര്‍ കെയിന്‍സ് വാഗ്ദാനം നല്‍കി. ന്യൂസിലന്‍ഡ് താരവും ഛണ്ഡിഗഡ് ടീമിലെ സഹതാരവുമായ ഡാരില്‍ ടഫിയും സംഘത്തില്‍ അംഗമായിരുന്നതായി വിന്‍സെന്റ് കോടതിയില്‍ വെളിപ്പെടുത്തി.
അതേസമയം, വിന്‍സെന്റിന്റെ ആരോപണങ്ങള്‍ ദിനേശ് മോംഗിയ നിഷേധിച്ചു.വാതുവെപ്പില്‍ തനിക്കൊരു പങ്കുമില്ലെന്നും ഛണ്ഡിഗഡ് ടീമില്‍ അംഗമായിരുന്ന കാലത്ത് ന്യൂസിലന്‍ഡ് താരങ്ങള്‍ എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നും മോംഗിയ പറഞ്ഞു.
2008ല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഐസിഎല്ലില്‍ നിന്നു മോംഗിയയെ പുറത്താക്കിയിരുന്നു. ഐഎസ്എല്ലില്‍ കളിച്ച മറ്റെല്ലാ താരങ്ങളുടെയും വിലക്കു ബിസിസിഐ നീക്കിനല്‍കിയിരുന്നെങ്കിലും മോംഗിയ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ദേശീയ ടീമിനായി 57 ഏകദിനങ്ങളിലും ഒരു ട്വന്റി20യിലും കളിച്ചിട്ടുള്ള മോംഗിയ 2003ലെ ലോകകപ്പ് ടീമിലും അംഗമായിരുന്നു.