കൊച്ചി: താരദമ്പതികളായ നടന്‍ ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായി. ഇരുവരുടെയും വിവാഹമോചന ആവശ്യം എറണാകുളം കുടുംബകോടതി അംഗീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച തന്നെ ഹര്‍ജിയിലെ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇരുവരും കോടതിയെ അറിയിച്ചതിനാല്‍ ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് ഹര്‍ജി കോടതി അംഗീകരിച്ചത്. മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 24നാണ് വിവാഹമോചനത്തിനായി ഇരുവരും കുടുംബ കോടതിയെ സമീപിച്ചത്. താനും ഭാര്യയും പിരിഞ്ഞുജീവിക്കുകയാണ്. ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാവില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. പ്രശസ്തരായതിനാല്‍ രഹസ്യ വിചാരണ അനുവദിക്കണമെന്നും മാധ്യമങ്ങളെ വിലക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
കൗണ്‍സിലിംഗിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ ആറുമാസത്തെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കുടുംബകോടതി ജഡ്ജി പി. മോഹന്‍ദാസിനു മുന്നില്‍ ഇരുവരും ഹാജരായത്. ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് ഇരുവരും കോടതിയെ അറിയിച്ചു. 1998 ഒക്ടോബര്‍ 20നാണ് ഇരുവരും വിവാഹിതരായത്.