ദിവസക്കൂലിക്ക് ജയിലില്‍ കിടക്കാന്‍ ആള്‍!

വീടും വാഹനങ്ങളും വാടകയ്‌ക്കെടുക്കുന്നത് സാധാരണം. എന്നാല്‍ ജയിലില്‍ കിടക്കാന്‍ ആളെ വാടകയ്‌ക്കെടുത്ത സംഭവം ഇതാദ്യമായിരിക്കും. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ്. മോഷണക്കേസ് പ്രതിയാണ് തനിക്ക് പകരം ജയിലില്‍ കിടക്കാന്‍ ദിവസക്കൂലിക്ക് ആളെ വച്ച് പൊലീസിനെ കബളിപ്പിച്ചത്. ജയിലിലായ പകരക്കാരനെ കാണാനില്ലെന്ന പരാതിയുമായി ഇയാളുടെ ഭാര്യ രംഗത്തെത്തിയതോടെയാണ് ആള്‍മാറാട്ടക്കഥ പൊളിയുന്നത്.

കഴിഞ്ഞ നവംബര്‍ 27ന് ഒമ്പതു ട്രക്കുകളിലായി കൊണ്ടുപോയ 320 കന്നുകാലികളെ ഒരു സംഘം ഇറ്റയില്‍ വച്ച് മോഷ്ടിച്ചു. മോഷണ സംഘത്തിലെ ആറുപേരെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടികൂടി. പിടിയിലായവരില്‍ നിന്ന് മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ഇതില്‍ ഒരാളായിരുന്നു ഇഷാന്‍ ഖാന്‍. പൊലീസ് ഇഷാന്‍ അടക്കമുള്ളവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് നവംബര്‍ 29ന് ഇഷാന്‍ ഖാനെന്ന് പറഞ്ഞ് ഒരാള്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ഇയാളെ റിമാന്റ് ചെയ്ത് കോടതി ജയിലിലടച്ചു.

ഇതിനിടെ മിയാന്‍ ജാന്‍ എന്നയാളെ കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഈ സമയം മോഷണ സംഘത്തിന്റെ ജാമ്യ നടപടികള്‍ പുരോഗമിക്കുകയായിരുന്നു. ജാമ്യത്തിനായുള്ള രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇഷാന്‍ ഖാനെന്ന പേരില്‍ ജയിലില്‍ കഴിയുന്നത് മിയാന്‍ ജാന്‍ എന്നയാളാണെന്ന് തെളിഞ്ഞത്. മിയാന്‍ ജാനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. 300 രൂപ ദിവസക്കൂലിക്കാണ് ഇയാള്‍ ഈ ആള്‍മാറാട്ടത്തിന് തയ്യാറായത്. എന്തായാലും ആള്‍മാറാട്ട കുറ്റത്തിന് ഇയാളെ പൊലീസ് അറസറ്റ് ചെയ്തു. യഥാര്‍ഥ പ്രതിയായ ഇഷാന്‍ ഖാനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top