ബോളിവുഡ് താരം അജയ് ദേവ്ഗണിനും ദൃശ്യം ഹിന്ദി അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകളുമായി മോഹന്‍ലാല്‍. ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന മലയാള ചിത്രം തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് ബോളിവുഡില്‍ ദൃശ്യത്തിന്റെ പതിപ്പ് പുറത്തിറങ്ങുന്നത്.
‘എന്റെ ഹൃദയത്തോടു ചേര്‍ന്നുള്ള ഒരു നല്ല തിരക്കഥയാണ് ദൃശ്യം. അജയ് ദേവ്ഗണിനും സംഘത്തിനും ഞാന്‍ ആശംസ നേരുന്നു. ഇത് നല്ലൊരു വിജയമായിരിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.’ മോഹന്‍ലാല്‍ പറഞ്ഞു.
മറ്റു ഭാഷകളിലെന്ന പോലെ ഹിന്ദിയിലും ദൃശ്യത്തിന് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിക്കാനാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അജയ് ദേവ്ഗണ്‍ പറയുന്നു. അമാനുഷികമായ താരപരിവേഷങ്ങളില്‍ നിന്നും വഴിമാറി ഒരു സാധാരണക്കാരനെയാണ് അജയ് ദൃശ്യത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലും കന്നടയിലും ആശാശരത് അവതരിപ്പിച്ച ഐ.ജിയുടെ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് തബുവാണ്.
മലയാളം ദൃശ്യം കണ്ടിട്ടുള്ള തബുവിന് ചിത്രം ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിലെ ശക്തയായ ഐ.ജി കഥാപാത്രം തന്നെ തേടിവരുമെന്ന് തബു കരുതിയിരുന്നില്ല. ശക്തമായ തിരക്കഥാ പിന്തുണയുള്ള ഈ ചിത്രം ദക്ഷണേന്ത്യന്‍ പതിപ്പുകളെ പോലെ വിജയകരമാവുമെന്ന് തബുവും വിശ്വസിക്കുന്നു.
ഏറെ സസ്‌പെന്‍സ് നിറഞ്ഞ ഈ ചത്രം ബോളിവുഡിന്റെ സ്ഥിരം മസാലക്കൂട്ടുകളില്‍ നിന്നും മാറി പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. ഈ വെള്ളിയാഴ്ച്ചയാണ് ദൃശ്യം പുറത്തിറങ്ങുന്നത്. വയാകോം18 മോഷന്‍ പിക്‌ച്ചേഴ്‌സും പനോരമ സ്റ്റുഡിയോസും നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിഷികാന്ത് കാമത്ത് ആണ്.