ദേശീയ അംഗീകാരത്തിന്റെ വിരല്‍ തുമ്പില്‍ ഡിഐജി വിജയന്‍ ;പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: ഭാവി തലമുറയെ അച്ചടക്കത്തിന്റേയും ധീരതയുടേയും മാതൃകയാക്കാന്‍ സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനത്തിന് രൂപം കൊടുത്ത ഡിഐജി പി. വിജയന്‍ സിഎന്‍എന്‍ – ഐബിഎന്‍ പുരസ്‌കാരത്തിനരികെ. വാര്‍ത്താരംഗത്ത രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചാനലായ സിഎന്‍എന്‍ – ഐബിഎന്നിന്റെ 2014ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്റെ സാധ്യതാ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി മുന്നേറുകയാണ് ഈ മലയാളി ഐപിഎസ് ഓഫീസര്‍.

വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രതിഭകളെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളിലൂടെ ആദരിക്കുന്നത്. ഈ വര്‍ഷത്തെ സാധ്യതാപട്ടികയില്‍ രാഷ്ട്രീയ വിഭാഗത്തില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു,ഒറീസ മുഖ്യമന്ത്രി ബിജു പട്‌നായിക്, ശശി തരൂര്‍ എംപി എന്നിവരും വിനോദ രംഗത്ത് അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍,ഷാരൂഖ് ഖാന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നുണ്ട്.

പബ്ലിക് സര്‍വ്വീസ് വിഭാഗത്തിലാണ് കേരള ഇന്റലിജന്‍സ് ഡിഐജി പി വിജയന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തൊട്ടുപുറകെ ഡോ.എം ആര്‍ രാജഗോപാല്‍, ഇന്ത്യന്‍ ആര്‍മി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി,സുലഭ് ഇന്റര്‍ നാഷണല്‍ സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തക തൊങ്കം റിന എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.

രാജ്യത്തെ മാതൃകാ സംസ്ഥാനമായി ഉയര്‍ത്തിക്കാട്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് പോലും മാതൃകയാക്കിയ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി 2006ല്‍ സ്വന്തമായി ആവിഷ്‌കരിച്ചത് പി. വിജയനാണ്. പിന്നീട് സംസ്ഥാനത്തിന്റെ സ്വന്തം പദ്ധതിയായി സര്‍ക്കാര്‍ സ്റ്റുഡന്റ്‌സ് പൊലീസിങ്ങിനെ ഏറ്റെടുത്തപ്പോഴും നോഡല്‍ ഓഫീസറായി നിയമിക്കപ്പെട്ട വിജയനെ ഇതുവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാതെ മാറിവന്ന സര്‍ക്കാരുകളും ഈ ഐപിഎസുകാരനോട് നീതികാണിച്ചു.

സംസ്ഥാനത്ത് ഇതിനകം വിവിധ സ്‌കൂളുകളില്‍ നിന്നായി 32,000 ത്തോളം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് പൊലീസ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2000 ത്തോളം പേര്‍ ഇപ്പോള്‍ പരിശീലനത്തിലുമാണ്. സ്റ്റുഡന്റ്‌സ് പൊലീസിങ്ങിലൂടെ കര്‍മ്മനിരതവും നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാമെന്ന് തിരിച്ചറിഞ്ഞതോടെ കേരളത്തിന്റെ ഈ സ്വന്തം മാതൃക കടമെടുക്കാന്‍ ഖത്തര്‍,ഘാന തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

മലയാളക്കരയില്‍ നിന്നാരംഭിച്ച ഈ കുതിപ്പിന് അംഗീകാരമായി അമേരിക്കയുടെ ഫെലോഷിപ്പും, പരിശീലനവും ഈ ഐപിഎസ് ഓഫീസര്‍ക്കും ഇതിനകം ലഭിച്ചിട്ടുണ്ട്.

കൊച്ചി, കോഴിക്കോട്,തിരുവനന്തപുരം നഗരങ്ങളില്‍ പൊലീസ് കമ്മീഷണറായിരുന്ന പി. വിജയനാണ് ക്രിമിനലുകളുടെ പേടി സ്വപ്നമായ ഷാഡോ പൊലീസിന് സംസ്ഥാനത്ത് ആദ്യമായി രൂപം കൊടുത്തത്. അദ്ദേഹം കൊച്ചി കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ തുടക്കമിട്ട ഷാഡോ പൊലീസിങ് ഇപ്പോള്‍ എല്ലാ ജില്ലകളിലും ക്രമസമാധാന പാലനത്തിന്റെ നട്ടെല്ലാണ്.

കുട്ടികളിലെ അക്രമവാസന തുടക്കത്തിലേ അവസാനിപ്പിക്കാനും മിടുക്കന്മാരായ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനുമായി ആരംഭിച്ച’ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’പദ്ധതി രക്ഷിതാക്കള്‍ക്കും പുതിയ തിരച്ചറിവാണ് നല്‍കിയത്. നിയമവാഴ്ചയില്‍ ഒരു തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും അടിമപ്പെടാത്ത വിജയന്റെ കാര്‍ക്കശ്യം രാഷ്ട്രീയ കേന്ദ്രങ്ങളെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്.

കഠിനമായ ജീവിത സാഹചര്യങ്ങളെ സ്വന്തം പ്രയത്‌നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും അതിജീവിച്ചതിന്റെ കരുത്താണ് സമൂഹത്തിനായി അദ്ദേഹം പകര്‍ന്ന് നല്‍കിയത്. ഏത് സാധാരണക്കാരനും ഉന്നതമായ പദവികള്‍ അന്യമല്ലെന്ന് തെളിയിച്ച ഡിഐജി വിജയന്റെ ജീവിത സഖി ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ.എം ബീനയാണ്.

സിഎന്‍എന്‍ – ഐബിഎന്നിന്റെ ദേശീയ പുരസ്‌കാരം വിജയന് ലഭിച്ചാല്‍ അത് കേരള പൊലീസിനുള്ള അംഗീകാരമാകുമെന്ന പ്രതീക്ഷയിലാണ് സേനാംഗങ്ങള്‍.

(താഴെ കൊടുത്ത ചുവന്ന അക്ഷരങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് പി. വിജയന് വോട്ട് രേഖപ്പെടുത്താം. ഇടതു വശത്തുള്ള സബ് മെനുവില്‍ പബ്ലിക് സര്‍വീസ് എന്ന കാറ്റഗറി വഴി അവിടെ കാണുന്ന ആറാം നമ്പറുകാരനായ പി.വിജയന്‍ ഐ.പി.എസിന്റെ പ്രൊഫൈലിന് താഴെയായുള്ള വോട്ട് ബൈ ഷെയറിംഗ്
എന്ന ലിങ്കിലാണ് വോട്ട് ചെയ്യേണ്ടത്.)

സിഎന്‍എന്‍ – ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പി.വിജയന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Top