തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ധൂര്‍ത്ത് വിവാദമായതോടെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒറ്റപ്പെട്ടു. ലാലിസം ഉള്‍പ്പെടെയുള്ള കലാപരിപാടികളുടെ ധൂര്‍ത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വരെ രംഗത്ത് വന്നിരിക്കുകയാണ്.
ഉദ്ഘാടന ചടങ്ങിന് കോടികളാണ് പൊടിച്ചത്. ഇത്രയും തുക ചെലവഴിക്കുന്നതിനെതിരെ നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ മന്ത്രിയടക്കം അധികൃതര്‍ അത് വകവെച്ചില്ല. അവസാനം ലാലിസം ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ പൊളിഞ്ഞതോടെ മന്ത്രിയെ എല്ലാവരും കൈയൊഴിഞ്ഞു.
ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അനുഭവത്തിലാണ് പലരും. കോടികളുടെ അഴിമതി നടന്ന കോമണ്‍വെല്‍ത്തില്‍ കരുത്താനായ സുരേഷ് കല്‍മാഡി അടക്കം ജയിലിലായി. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് കേസില്‍ പ്രതിയാണ്. ദേശീയ ഗെയിംസ് കഴിഞ്ഞാല്‍ വിവിധ അന്വേഷണ കമ്മീഷനുകള്‍ പിടിമുറുക്കുകയും അതോടെ അഴിയെണ്ണേണ്ടിവരുമെന്ന ഭയം പലരേയും ബാധിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസം കൂടുതല്‍ പേര്‍ മന്ത്രി തിരുവഞ്ചൂരിനെ കൈവിട്ടേക്കും.