തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ നീന്തലില്‍ വേഗമേറിയ പുരുഷ-വനിതാ താരങ്ങളെ ഇന്നറിയാം. 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ പുരുഷ-വനിതാ വിഭാഗത്തില്‍ ഇന്ന് ഫൈനല്‍ നടക്കും.
ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം പുരുഷ വിഭാഗത്തില്‍ രാജസ്ഥാനെയും വനിതാ വിഭാഗത്തില്‍ ഹരിയാനയെയും നേരിടും. ഖോഖോ പുരുഷ വിഭാഗത്തില്‍ കര്‍ണാടകത്തെയും വനിതാ വിഭാഗത്തില്‍ പശ്ചിമ ബംഗാളിനെയും കേരളം നേരിടും. നെറ്റ് ബോളില്‍ പുരുഷവനിതാ വിഭാഗത്തിന്റെ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. ഷൂട്ടിംഗ്, സ്‌ക്വാഷ്, ടെന്നീസ് എന്നിവയിലും ഇന്ന് മത്സരങ്ങള്‍ നടക്കും.
പോയിന്റ് പട്ടികയില്‍ ഏഴ് സ്വര്‍ണവുമായി ഹരിയാനയാണ് മുന്നില്‍. ആറ് സ്വര്‍ണവുമായി സര്‍വീസസാണ് തൊട്ടുപിന്നില്‍. നാല് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി കേരളം മൂന്നാമതാണ്.
രണ്ടാം ദിനം നീന്തല്‍ക്കുളത്തില്‍ നിന്ന് കേരളം നേടിയത് അഞ്ച് മെഡലുകളായിരുന്നു. ഒരു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് കേരളതാരങ്ങള്‍ നീന്തിയെടുത്തത്. മൂന്നാം സ്വര്‍ണം നേടിയ കേരളത്തിന്റെ സജന്‍ പ്രകാശ് മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണത്തിന് ഉടമയായി. മത്സരിച്ച എല്ലാ ഇനങ്ങളിലും ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് മേളയിലെ താരമാകാനുള്ള സജന്റെ കുതിപ്പ്.