ചെന്നൈ: ദൈവം അനുവദിക്കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂപ്പര്‍താരം രജനികാന്ത്. രാഷ്ട്രീയത്തെ ഭയമില്ലെന്നും എന്നാല്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ലെന്നും രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ നിന്നു മടിച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രജനികാന്ത് നായകനായ പുതിയ ചിത്രം ലിംഗയുടെ ഓഡിയോ റിലീസിംഗ് ചടങ്ങിലായിരുന്നു രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
‘രാഷ്ട്രീയം അപകടകരവും വളരെ ആഴത്തിലുള്ളതുമാണ്. ആഴത്തിലുള്ള ബന്ധങ്ങള്‍ രാഷ്ട്രിയത്തില്‍ ആവശ്യമാണ്. ദൈവം കാട്ടിത്തന്നിട്ടുള്ള പാതയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചിട്ടുള്ളത്. ദൈവം ഇച്ഛിച്ചാല്‍ ഞാന്‍ രാഷ്ട്രീയത്തിലിറങ്ങുകയും ജനങ്ങളെ സേവിക്കുകയും ചെയ്യണം’ രജനികാന്ത് പറഞ്ഞു. സമൂഹത്തിന് സന്ദേശം നല്‍കുന്ന സിനിമകള്‍ ചെയ്യുന്നതും സാമൂഹിക സേവനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജനികാന്തിന്റെ ജന്‍മദിനമായ ഡിസംബര്‍ 12 ന് ലിംഗ തിയേറ്ററില്‍ എത്തും.