ദൈവാനുഗ്രഹത്താല്‍ സന്തുഷ്ടവും സമാധാനപരവുമായ വിവാഹ ജീവിതം നയിക്കുന്നു: സംവൃതാ സുനില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടി സംവൃതാ സുനില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച പ്രചാരണം ശക്തമായതോടെ വാര്‍ത്ത നിഷേധിച്ച് നടി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്.

”എന്റെ വിവാഹമോചനത്തെപ്പറ്റി ആശങ്കപ്പെടുന്നവര്‍ അറിയാന്‍.. ദൈവാനുഗ്രഹത്താല്‍ സന്തുഷ്ടവും സമാധാനപരവുമായ വിവാഹ ജീവിതം നയിക്കുകയാണ് ഞാന്‍. എനിക്ക് അഞ്ച് മാസം പ്രായമുള്ളൊരു കുഞ്ഞുണ്ട്. അതിനാല്‍ തന്നെ വളരെ തിരക്കിലാണ് ഞാന്‍. ഇങ്ങനെയൊരു മെസ്സേജ് പോസ്റ്റ് ചെയ്യാന്‍ പോലും സമയമില്ല. ദയവ് ചെയ്ത് ഭാവിയില്‍ വരുന്ന എല്ലാ ഗോസിപ്പുകളേയും അവഗണിക്കുക’ എന്നാണ് സംവൃത പോസ്റ്റ് ചെയ്തത്.

സംവൃതയുടെ വീട്ടുകാരും നേരത്തെ വിവാഹമോചനവാര്‍ത്ത നിഷേധിച്ചിരുന്നു.

മൂന്നു വര്‍ഷം മുമ്പാണ് സംവൃത വിവാഹിതയായത്. 2004ല്‍ ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്.

2012 നവംബര്‍ ഒന്നിനാണ് കാലിഫോര്‍ണിയയതില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജിനെ വിവാഹം കഴിച്ചത്. വിവാഹത്തെ തുടര്‍ന്ന് അഭിനയം മതിയാക്കി സംവൃത ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പോയിരുന്നു. 2015 ഫെബ്രുവരി 21ന് ഒരു മകന്‍ ജനിച്ചു അഗസ്ത്യ അഖില്‍.

Top