ദ്യോകോവിച്ചും വീനസ് സഹോദരിമാരും യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്‍ മരിന്‍ സിലിച്ചും ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും വീനസ് സഹോദരിമാരും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. ചേച്ചിയും അനിയത്തിയും തമ്മിലാണ് വനിതാ വിഭാഗത്തിലെ ക്വാര്‍ട്ടര്‍ പോരാട്ടം.

പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡായ ദ്യോകോവിച്ച് സ്‌പെയിനിന്റെ ഇരുപത്തിമൂന്നാം സീഡായ റോബര്‍ട്ടോ ബൗറ്റിറ്റ് അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റകള്‍ക്കാണ് തോല്‍പിച്ചത്. സ്‌കോര്‍: 6-3, 4-6, 6-4, 6-3.

ഒന്‍പതാം സീഡായ ക്രൊയേഷ്യയുടെ സിലിച്ച് ഫ്രാന്‍സിന്റെ ഇരുപത്തിയേഴാം സീഡായ ജെറെമി ചാര്‍ഡിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 2-6, 7-6 (2), 6-1. ഫ്രാന്‍സിന്റെ പത്തൊന്‍പതാം സീഡായ ജോ വില്‍ഫ്രഡ് സോംഗയാണ് ക്വാര്‍ട്ടറില്‍ സിലിച്ചിന്റെ എതിരാളി.

വീനസ് സഹോദരിമാരില്‍ ഒരാള്‍ മാത്രമേ യു.എസ്. ഓപ്പണിന്റെ സെമിയിലുണ്ടാകൂ. കരിയറില്‍ ഇത് 27ാം തവണയാണ് ഇരുവരും കോര്‍ട്ടില്‍ ഏറ്റുമുട്ടുന്നത്. യു.എസ്. ഓപ്പണില്‍ തന്നെ ഇതിന് മുന്‍പ് നാലു തവണ ഇവര്‍ പരസ്പരം മത്സരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വിംബിള്‍ഡണില്‍ വീനസിനെ തോല്‍പിച്ചാണ് സെറീന ക്വാര്‍ട്ടറിലെത്തിയത്.

നാലാം റൗണ്ടില്‍ നിലവിലെ ജേതാവും ഒന്നാം സീഡുമായ സെറീന അമേരിക്കയുടെ പത്തൊന്‍പതാം സീഡായ മാഡിസണ്‍ കെയ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-3. ഇരുപത്തിമൂന്നാം സീഡും 2001ലെ ചാമ്പ്യനുമായ വീനസ് എസ്‌തോണിയയുടെ അനെറ്റ് കൊണ്ടാവെയ്റ്റിനെ ഏകപക്ഷീയമായാണ് മറികടന്നത്. സ്‌കോര്‍: 6-2, 6-1.

പുരുഷ വിഭാഗത്തില്‍ സ്‌പെയിനിന്റെ പതിനെട്ടാം സീഡായ ഫെലിസിയാനോ ലോപ്പസും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. മൂന്നാം റൗണ്ടില്‍ റാഫേല്‍ നഡാലിനെ വീഴ്ത്തിയ ഇറ്റലിയുടെ ഫാബിയോ ഫാഗ്‌നിനിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെലിസിയാനോ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-6 (5), 6-1.

Top