ന്യൂഡല്‍ഹി : സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന വിവാദ പുസ്തകം ‘ദ റെഡ് സാരി’ ഇന്ത്യയിലേക്കെത്തുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുസ്തകത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സോണിയയുടെ കുട്ടിക്കാലം മുതല്‍ രാജീവ് ഗാന്ധിയുമായുള്ള പ്രണയം, പ്രധാനമന്ത്രി പദം നിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷയിലേക്കുള്ള വളര്‍ച്ച തുടങ്ങിയവ പ്രതിപാദിക്കുന്നവയായിരുന്നു പുസ്തകം. ജാവിയന്‍ മോറോയുടേതാണ് പുസ്തകം. ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തുടങ്ങിയവയെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ അര്‍ധ സത്യങ്ങളും അപകീര്‍ത്തികരമായ പ്രസ്താവനകളും ഉള്ളതിനാല്‍ പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കരുതെന്ന് സോണിയയുടെ അഭിഭാഷകന്‍ മോറോക്കെതിരേ അന്യായം ഫയല്‍ ചെയ്തതോടെയാണ് പുസ്തകത്തിന് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രസിദ്ധീകരിച്ച് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുസ്തകം ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. സ്പാനിഷ് എഴുത്തുകാരനായ മോറോ 2008ലാണ് ‘എല്‍ സാരി റോജോ’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. റോളി ബുക്‌സാണ് പുസ്തകം ഇന്ത്യന്‍ വിപണികളിലെത്തിക്കുന്നത്.