ധോണിയുടെ വിരമിക്കല്‍: വിശദീകരണവുമായി ശാസ്ത്രി രംഗത്ത്

സിഡ്‌നി: ടെസ്റ്റ് പരമ്പരയ്ക്കിടെ എം എസ് ധോണി വിരമിച്ചതില്‍ അപാകതയില്ലെന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രി. സഹതാരങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് തോന്നിയപ്പോഴാണ് ധോണി വിരമിച്ചത്. 100 ടെസ്റ്റുകള്‍ കളിക്കാന്‍ കാത്തുനില്‍ക്കാതെ പിന്മാറാന്‍ ധീരമായി തീരുമാനിച്ച ധോണിയോട് ടീമിന് ബഹുമാനം ആണ് ഉള്ളതെന്നും രവി ശാസ്ത്രി ഒരു പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ധോണി ഓസ്‌ട്രേലിയയില്‍ തുടരുമെന്നും രവിശാസ്ത്രി വ്യക്തമാക്കി. വിദേശപരമ്പരയില്‍ ടീമിന് തിരിച്ചടി ഏല്‍ക്കുന്നതിനിടെ നായകന്‍ വിരമിച്ചത് അനുചിതമായെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് എം എസ് ധോണിയെ ന്യായീകരിച്ച് രവി ശാസ്ത്രി രംഗത്തെത്തിയത്.

അതേസമയം കോലി ക്യാപ്റ്റനായതോടെ അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരിലൊരാളെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തേക്കും. ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും അന്തിമ തീരുമാനം എന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Top