ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ബി.ജെ.പി സര്‍ക്കാരിന്റെ ഏജന്റാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബിജെപി ഏജന്റായ നജീബിനെ ഉടന്‍ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറും അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നജീബ് ജങിനെ ഏത്രയും പെട്ടെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതായിരിക്കും നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
അതേ സമയം നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി എം.പി ഉദിത് രാജ് നജീബ് ജങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ശ്രദ്ധേയമായി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് ഉദിത് രാജ് പറഞ്ഞു.
ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയും നജീബ് ജങ് നല്‍കുന്നില്ല. വളരെ ഗൗരവമുള്ള പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണറെ കാണുന്നതിന് പോലും നാല് ദിവസം കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണെന്ന് ഉദിത് രാജ് ആരോപിച്ചു.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഉദിത് രാജിന്റെ മൂന്ന് അനുയായികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നജീബ് ജങിനെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉദിത് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. നജീബ് ജങിനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുമെന്നും ഉദിത് രാജ് വ്യക്തമാക്കി.
എന്നാല്‍ ഉദിത് രാജിന്റെ പാര്‍ട്ടിയാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയ്ക്കുന്നതിന് പകരം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കുകയാണ് ഉദിത് രാജ് ചെയ്യേണ്ടതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.