ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കും? തമിഴകത്ത് ഇപ്പോള്‍ നടക്കുന്ന ചൂടുള്ള ചര്‍ച്ച ഇതാണ്.
ജയലളിതയുടെ അനാരോഗ്യത്തെക്കുറിച്ച് വന്ന വാര്‍ത്തകളും ഡി.എം.കെയുടെ വിമര്‍ശനങ്ങളും നിഷേധിച്ച് എ.ഐ.എ.ഡി.എം.കെ നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നുവെങ്കിലും ഇപ്പോള്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങില്‍ നിന്ന് ജയലളിത വിട്ട് നില്‍ക്കുന്നതാണ് വീണ്ടും ഇതുസംബന്ധമായ ചര്‍ച്ച സജീവമാക്കിയിട്ടുള്ളത്.
ജയലളിത പങ്കെടുക്കാതിരിക്കുന്നത് അനാരോഗ്യം കാരണമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയുടെ ഓഫിസ്, മന്ത്രിസഭയിലെ മറ്റ് മുഴുവന്‍ അംഗങ്ങളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ രണ്ട് തവണ അഴിമതി ആരോപണ കേസില്‍പ്പെട്ടപ്പോള്‍ ജയലളിതക്ക് പകരം മുഖ്യമന്ത്രിയായിരുന്നത് വിശ്വസ്തനായ പനീര്‍ ശെല്‍വമാണ്. നിലവില്‍ സംസ്ഥാന ധനകാര്യ മന്ത്രിയാണ് അദ്ദേഹം.
ബാംഗ്ലൂര്‍ കോടതി ജയലളിതയെ തടവിന് ശിക്ഷിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പനീര്‍ ശെല്‍വത്തെ ജയലളിത കാണാന്‍ കൂട്ടാക്കാതിരുന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തന്നെ കാണാന്‍ വരാതെ ഭരണകാര്യങ്ങള്‍ നോക്കാനായിരുന്നു ജയലളിതയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴകം തൂത്തുവാരിയ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ യുടെ മുന്നേറ്റത്തില്‍ പ്രതിപക്ഷ സ്ഥാനം പോലും കരുണാനിധിയുടെ ഡി.എം.കെയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
ജയലളിതയ്‌ക്കൊപ്പം സഖ്യകക്ഷിയായി മത്സരിച്ച നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയ്ക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത്.
ജനപ്രിയ നടപടികളിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച എ.ഐ.എ.ഡി.എം.കെയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് പ്രതിപക്ഷം മുതലെടുക്കുമെന്ന ആശങ്ക എ.ഐ.എ.ഡി.എം.കെ അണികള്‍ക്കുണ്ട്.
ഡി.എം.കെ.യിലെ ഭിന്നിപ്പടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ അനൈക്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം കെക്കാണ് രാഷ്ട്രീയ നിരീക്ഷകരും വിജയസാധ്യത കാണുന്നത്.
എന്നാല്‍ ജയലളിതയുടെ അനാരോഗ്യം പ്രചരണായുധമാക്കി പ്രതിപക്ഷം ഒന്നിച്ചാല്‍ അത് വലിയ വെല്ലുവിളി തന്നെ എ.ഐ.എ.ഡി.എം.കെക്ക് ഉയര്‍ത്തുമെന്ന വിലയിരുത്തലും ശക്തമാണ്.
ഈ ഒരു സാഹചര്യം മറികടക്കാന്‍ ജയലളിത എന്ത് ‘ഒറ്റമൂലിയാണ്’ പരീക്ഷിക്കുക എന്നാണ് ഇപ്പോള്‍ തമിഴകം ഉറ്റുനോക്കുന്നത്. സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്ത് സിനിമാരംഗത്ത് നിന്ന് തന്നെ ജയലളിതയ്ക്ക് പിന്‍ഗാമി ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എ.ഐ.എ.ഡി.എം.കെ സ്ഥാപകനായ എം.ജി.ആര്‍ എന്നറിയപ്പെടുന്ന എം.ജി. രാമചന്ദ്രന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായത് സൂപ്പര്‍ സ്റ്റാറായിരിക്കുമ്പോഴാണ്.
നിരവധി സിനിമകളില്‍ എം.ജി ആറിന്റെ നായികയായ ജയലളിത പിന്നീട് കടുത്ത പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് എ.ഐ.എ.ഡി. എം.കെ യുടെ നേതൃസ്ഥാനത്ത് എത്തി മുഖ്യമന്ത്രിപദം പിടിച്ചത്. ഇത് അഞ്ചാം തവണയാണ് അവര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.
ജയലളിതയുമായി ഏറെ അടുപ്പമുള്ള നടന്‍ അജിത്തിന്റെ പേരാണ് സിനിമാരംഗത്ത് നിന്ന് ജയലളിതയുടെ പിന്‍ഗാമിയായി ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
തമിഴകത്ത് ശക്തമായ ഫാന്‍സ് ക്ലബ്ബുള്ള അജിത്തിന്റെ ആരാധകരില്‍ നല്ലൊരു പങ്കും എ.ഐ.എ.ഡി.എം.കെ അനുഭാവികളാണ്.
നേരത്തെ ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നടന്‍ ഇളയ ദളപതി വിജയ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രചാരണം നിലനില്‍ക്കുന്നതില്‍ ഭാവിയിലെ വെല്ലുവിളി കൂടി പരിഗണിച്ച് ‘തല’ എന്ന് തമിഴ് മക്കള്‍ വിളിക്കുന്ന അജിത്തിന് നറുക്ക് വീഴുമോയെന്ന ആകാംക്ഷയിലാണ് എ.ഐ.എ.ഡി.എം.കെ അണികള്‍.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പിന്‍ഗാമിയായി സൂപ്പര്‍സ്റ്റാര്‍ പട്ടം അലങ്കരിച്ച ശേഷം ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കണക്ക് കൂട്ടുന്നത്.
ഈ വെല്ലുവിളി തന്റെ പിന്‍ഗാമി പ്രഖ്യാപനത്തിലൂടെ ജയലളിത ഏറ്റെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.