തിരുവനന്തപുരം: ചലച്ചിത്ര നടന് എന്‍.എല്‍ ബാലകൃഷ്ണന് (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. അര്‍ബുദരോഗബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് സിനിമയിലേക്കുള്ള എന്‍.എല്‍ ബാലകൃഷ്ണന്റെ പ്രവേശം. പിന്നീട് ഹാസ്യവേഷങ്ങളിലൂടെ അഭിനേതാവ് എന്ന നിലയില്‍ തന്റേതുമാത്രമായൊരു ഇടം അദ്ദേഹം സിനിമയില്‍ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ആകാരപ്രകൃതം തന്നെ സിനിമയില്‍ ചിരിപടര്‍ത്തി. അദ്ദേഹം ചെയ്ത ചെറിയ വേഷങ്ങള്‍പോലും മലയാളികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നവയായി. 1986ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയിലാണ് ബാലകൃഷ്ണന് ആദ്യമായി അഭിനയിക്കുന്നത്. 162 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡാ തടിയാ, ഡോക്ടര്‍ പശുപതി, വൃദ്ധന്മാരെ സൂക്ഷിക്കുക, പട്ടണപ്രവേശം, കൗതുകവാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.