നനഞ്ഞ പടക്കമായി പി.സി ജോര്‍ജ്; രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതി ഉയര്‍ത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന് വീമ്പിളക്കിയ പി.സി ജോര്‍ജ് അരുവിക്കരയില്‍ നനഞ്ഞ പടക്കമായി.

എസ്ഡിപിഐ അടക്കമുള്ള 24 ഓളം പാര്‍ട്ടികളുടെ പിന്‍തുണയുമായി മത്സരിച്ച ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ. ദാസിന് നിഷേധവോട്ടായ നോട്ടക്കും പിന്നിലായി നാണം കെട്ട തോല്‍വി. നോട്ട 1430 വോട്ടു നേടിയപ്പോള്‍ പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിക്ക് കേവലം 1197 വോട്ടുമായി കെട്ടിവെച്ച കാശുപോലും നഷ്ടമായി.

‘15,000 മുതല്‍ 20,000 വരെ വോട്ടു ലഭിക്കും വേണമെങ്കില്‍ എഴുതിവെച്ചോ’ എന്ന് വെല്ലുവിളിച്ച പി.സി ജോര്‍ജിനേറ്റ കനത്ത തിരിച്ചടിയാണിത്. അരുവിക്കരയില്‍ ശക്തികാട്ടി ഇടതുമുന്നണിയില്‍ കയറിക്കൂടാനുള്ള ജോര്‍ജിന്റെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്കും ഇതോടെ മങ്ങലേറ്റു.

നാല് എംഎല്‍എമാരുടെ മാത്രം ഭൂരിപക്ഷത്തോടെ അധികാരമേറ്റ ഉമ്മന്‍ചാണ്ടിയുടെ ക്രൈസിസ് മാനേജരായാണ് ചീഫ് വിപ്പായിരുന്ന പി.സി ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നത്. സോളാര്‍ അഴിമതി ഉയര്‍ന്നപ്പോള്‍ ആദ്യ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല നിലപാടായിരുന്നു ജോര്‍ജിന്. കെ.എം മാണിയുമായി ഇടഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി ഭരണം നിലനിര്‍ത്താന്‍ മാണിക്കൊപ്പം നിന്നതാണ് ജോര്‍ജിനെ പിണക്കിയത്.

ചീവ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റിയ ജോര്‍ജ് ബാര്‍ കോഴയില്‍ മാണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. അരുവിക്കരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ജോര്‍ജ് കോണ്‍ഗ്രസിന്റെ പരാജയമായിരുന്നു സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ അതു പാഴായതോടെ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലായിരിക്കുകയാണ്.

മാധ്യമങ്ങളില്‍ അഴിമതി വിരുദ്ധനെന്ന പ്രതിഛായയുമായി നിറഞ്ഞ സാന്നിധ്യമായിരുന്ന ജോര്‍ജ് അപ്രസക്തനാകുന്ന കാഴ്ചയാണ് വരാനിരിക്കുന്നത്.

Top