നയതന്ത്ര വിദഗ്ധന്‍ പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നയതന്ത്ര വിദഗ്ധന്‍ പ്രൊഫ. നൈനാന്‍ കോശി (81) അന്തരിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അറിയപ്പെടുന്ന രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ നൈനാന്‍ കോശി അഖിലലോക സഭാ കൗണ്‍സിലിന്റെ രാജ്യാന്തര വിഭാഗം സെക്രട്ടറിയായിരുന്നു.

1999 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കേരളത്തിലെ വിവിധ കോളജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ഇറാക്കിനുമേല്‍ യാങ്കി കഴുകന്‍, ആണവഭാരതം; വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ചോംസ്‌കി നൂറ്റാണ്ടിന്റെ മനഃസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top