ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്ന ഹിന്ദുത്വ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആര്‍എസ്എസും ഇടപെടുന്നു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ പ്രതിച്ഛായയ്ക്ക് അടുത്തയിടെ രാജ്യത്തുണ്ടായ ആക്രമണ സംഭവങ്ങള്‍ മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് ‘ചികിത്സയ്ക്ക്’ ഒരുങ്ങുന്നത്.
മഹാരാഷ്ട്രയിലെ പ്രമുഖ സിപിഐ നേതാവ് ഗോവിന്ദ് പാന്‍സാരെ, കര്‍ണാടകയിലെ എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗി എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടത് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിന്റെ ഭാഗമായിട്ടായിരുന്നു.
പിന്നീട് വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന അമ്പതുകാരനെ യുപിയില്‍ തല്ലിക്കൊല്ലുന്ന സാഹചര്യവും ഉണ്ടായി.
ഏറ്റവും ഒടുവില്‍ പാക് മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ബിജെപി മുന്‍ സൈദ്ധാന്തികന്‍ കൂടിയായ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ ശിവസേനയുടെ കരിഓയില്‍ പ്രയോഗവും നടന്നു.
നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ രാജ്യത്തെ സാഹചര്യം മുതലെടുക്കാന്‍ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തിറങ്ങുന്നത് ഹിന്ദുരാഷ്ട്രമെന്ന വിശാല കാഴ്ചപ്പാട് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ആര്‍എസ്എസ് നേതൃത്വം.
സംഘ്പരിവാറില്‍ നിന്ന് പുറത്തു പോയവരും അല്ലാത്തവരുമായ ചെറിയ ഗ്രൂപ്പുകള്‍ പലയിടത്തും സംഘടിച്ച് പ്രവര്‍ത്തിക്കുന്നത് സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നത് അനുവദിച്ചുകൂടെന്ന നിലപാടിലാണ് ആര്‍എസ്എസ്.
രാജ്യത്ത് എവിടെ ഹിന്ദുത്വവാദികളുടെ ആക്രമണം അരങ്ങേറിയാലും അതിന്റെ പഴി പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആര്‍എസ്എസ് നേതാക്കളും കേള്‍ക്കേണ്ടിവരുന്നത് പൊതുസമൂഹത്തിനിടയില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കുമെന്നതിനാല്‍ ആക്രമണ സംഭവങ്ങളെ ഒറ്റപ്പെടുത്തി കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് സംഘപരിവാര്‍ നേതൃത്വം.
രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ മുളയിലേ നുള്ളിക്കളയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും ആര്‍എസ്എസിന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ്.
ബീഫ് കഴിച്ചതിന് അടിച്ചുകൊന്നതും പുസ്തക പ്രകാശന ചടങ്ങിലെ കരിഓയില്‍ പ്രയോഗവുമെല്ലാം അന്താരാഷ്ട്രതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരുന്നത്.
മലയാളി എഴുത്തുകാരി സാറാ ജോസഫ് അടക്കം രാജ്യത്തെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക നായകരും തങ്ങള്‍ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയതും ആക്രമണത്തിനെതിരായ ജനവികാരം മാനിച്ചായിരുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയെ വിദേശമാധ്യമങ്ങളും കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്.
താലിബാന്‍, ഐഎസ് തുടങ്ങി മുസ്ലീം തീവ്രവാദ സംഘടനകളുടെ രൂപത്തില്‍ ഹിന്ദുതീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയിലും ശക്തിപ്പെട്ട് വരുന്നതിന്റെ സൂചനയായിട്ടുവരെ ഇപ്പോഴത്തെ സംഭവവികാസങ്ങളെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്.
ആക്രമണ സംഭവങ്ങളെ അപലപിച്ച് രംഗത്ത് വന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്, പട്ടിണിക്കെതിരെയാണ് ഹിന്ദുവും മുസ്ലീമുമെല്ലാം ഒരുമിച്ച് പോരാടേണ്ടതെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വന്നത് അന്താരാഷ്ട്ര രംഗത്തുയര്‍ന്ന ഈ വിമര്‍ശനങ്ങള്‍ മുന്‍നിര്‍ത്തിയാണ്.
തീവ്ര നിലപാടുകളുമായി രംഗത്തിറങ്ങുന്ന മതവിഭാഗങ്ങളുടെ പേരിലുള്ള ഗ്രൂപ്പുകളെ ഫലപ്രദമായി നേരിട്ടില്ലെങ്കില്‍ അത് രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം.
ഇക്കാര്യത്തില്‍ രാജ്യത്തെ സംഘ്പരിവാര്‍ സംഘടനകളോട് ജാഗ്രതാപരമായ നിലപാട് സ്വീകരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാനുള്ള ശിവസേനയുടെ നീക്കത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി അടക്കമുള്ളവര്‍ നിലപാട് സ്വീകരിച്ചത് ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നാണ് സൂചന.
പരിപാടിയുടെ മുഖ്യ സംഘാടകനായ മുന്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത് ബിജെപി – ആര്‍എസ്എസ് നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെയും ബിജെപി നേതൃത്വത്തിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞ് ബിജെപിയെ വെല്ലുവിളിച്ചിരിക്കുകയാണ് ശിവസേന.